ലണ്ടന്‍: എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരേ ഒന്നാം ടെസ്റ്റില്‍ വിജയം കൈവിട്ടുകളഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രായശ്ചിത്തം ചെയ്യാനുറച്ച് വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ ഇറങ്ങുന്നു. 

രണ്ടാം ടെസ്റ്റില്‍ ചില്ലറ മാറ്റങ്ങളോടെയാവും ഇരുകൂട്ടരും ടീമിനെ അണിനിരത്തുക. ബാറ്റിങ്ങാണ് ആദ്യ കളിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. ബാറ്റിങ് ശക്തിപ്പെടുത്തി വെല്ലുവിളി ഉയര്‍ത്താനാവും നായകന്‍ വിരാട് കോലിയുടെ ശ്രമം. 

പോരായ്മകളുണ്ടായിട്ടും വിജയം നേടാനായതിന്റെ ആത്മവിശ്വാസം, ഫലം ആവര്‍ത്തിക്കാന്‍ ടീമിനെ പ്രാപ്തമാക്കുമെന്ന് ആതിഥേയ നായകന്‍ ജോ റൂട്ടും സംഘവും കണക്കുകൂട്ടുന്നു. ഉത്തമ ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ രസങ്ങളും ലോര്‍ഡ്‌സില്‍ കാണുമെന്നാണ് കരുതുന്നത്.

കനത്ത ചൂടും ഉഷ്ണക്കാറ്റും ലോര്‍ഡ്‌സിലെ പിച്ചിന്റെ സ്വാഭാവത്തെ ബാധിക്കുമെന്ന് ഇരുടീമുകളും സംശയിക്കുന്നു. പിച്ചില്‍ ഈര്‍പ്പമില്ലെങ്കില്‍ രണ്ടു സ്പിന്നര്‍മാര്‍ വീതം രണ്ട് ടീമിലുമുണ്ടാവും. പന്തല്‍കെട്ടി സംരക്ഷിച്ച പിച്ചില്‍ പച്ചപ്പിന്റെ അംശങ്ങള്‍ കാണാനുണ്ട്. അടുത്ത ഏതാനും ദിവസം അന്തരീക്ഷ ഊഷ്മാവ് കുറയുമെന്നും ചെറിയ തോതില്‍ മഴ പെയ്യുമെന്നും പ്രവചനമുണ്ട്. ഈ കാര്യങ്ങള്‍ പരിഗണിച്ചശേഷമാവും അന്തിമ ഇലവനെ പ്രഖ്യാപിക്കൂ. 

ആദ്യ ടെസ്റ്റില്‍ നിറംമങ്ങിയ ഡേവിഡ് മാലനെ ഒഴിവാക്കിയ ഇംഗ്ലണ്ട് അടിപിടിക്കേസില്‍ പ്രതിയായി വിചാരണ നേരിടുന്ന ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും ഇല്ലാതെയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. മാലന് പകരം 20-കാരന്‍ ഒലീ പോപ്പ് അരങ്ങേറ്റം കുറിക്കും. സ്റ്റോക്‌സിന് പകരം ക്രിസ് വോക്‌സോ മോയീന്‍ അലിയോ ടീമിലെത്തും.

ഇന്ത്യയ്ക്ക് ബാറ്റിങ്ങിലാണ് പ്രശ്‌നങ്ങളേറെ. ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ കോലി അല്ലാതെ മറ്റാരും ശോഭിച്ചില്ല. ഇതെങ്ങനെ പരിഹരിക്കുമെന്ന ആശയക്കുഴപ്പം ടീം മാനേജ്മെന്റിനുണ്ട്. ഒരു ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കിയാല്‍ ആ കളിക്കാരന്റെ നില കൂടുതല്‍ മോശമാവുമെന്നതാണ് ഒരു വാദം. 

ഫോമിലല്ലെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളറിയുന്ന ചേതേശ്വര്‍ പുജാര ആദ്യ ഇലവനിലെത്താന്‍ സാധ്യതയേറെയാണ്. ട്രിപ്പിള്‍ സെഞ്ചുറിക്ക് ഉടമയായ മലയാളി താരം കരുണ്‍ നായരുടെ പേരും പരിഗണനയിലുണ്ട്. ഇതിനായി ഓപ്പണര്‍ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരില്‍ ഒരാളെ മാറ്റണം. പരിചയസമ്പന്നനായ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തത്തോടെയുള്ള പ്രകടനവും ടീം ആഗ്രഹിക്കുന്നു. 

അഞ്ച് ബൗളര്‍മാരെന്ന നിലപാട് ടീം ഇന്ത്യ മാറ്റാനിടയില്ല. രണ്ടാമതൊരു സ്പിന്നറെ ടീമിലെടുക്കാനും ഇടയുണ്ട്. ഇടങ്കയ്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവോ രവീന്ദ്ര ജഡേജയോ ആയിരിക്കുമിത്. കുല്‍ദീപിനാണ് മുന്‍തൂക്കം. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് എന്നിവരിലൊരാളെ മാറ്റിയാലേ അതിന് കഴിയുകയുള്ളൂ. പിച്ചിന്റെ അവസ്ഥ വിലയിരുത്തിയ ശേഷമാവും ഈ തീരുമാനം.

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് അവസാനമായി ഒരു ഏഷ്യന്‍ ടീമിനെ തോല്‍പ്പിച്ചത് ഇന്ത്യയെയാണ് 2011-ല്‍. പിന്നീട് ഏഷ്യന്‍ ടീമുകളുമായി നടന്ന അഞ്ച് കളിയില്‍ മൂന്നെണ്ണം അവര്‍ തോറ്റു, രണ്ടെണ്ണം സമനിലയിലായി.

സാധ്യതാടീം: ഇന്ത്യ - മുരളി വിജയ്, ശിഖര്‍ ധവാന്‍/ചേതേശ്വര്‍ പൂജാര, ലോകേഷ് രാഹുല്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, ദിനേഷ് കാര്‍ത്തിക്, അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്/കുല്‍ദീപ് യാദവ്/രവീന്ദ്ര ജഡേജ.

ഇംഗ്ലണ്ട്: അലസ്റ്റര്‍ കുക്ക്, ജെന്നിങ്‌സ്, ജോ റൂട്ട്, പോപ്പ്, ബെയര്‍‌സ്റ്റോ, ജോസ് ബട്ലര്‍, വോക്‌സ്/മോയീന്‍ അലി, ആദില്‍ റഷീദ്, സാം കറന്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

Content Highlights: india vs england, lords test