Photo: twitter.com/BCCI
ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴുമുതല്‍ ബര്‍മിങ്ഹാമിലാണ് മത്സരം. അഞ്ചുമാസം നീണ്ട ഇടവേളയ്ക്കുശേഷം വിരാട് കോലി അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഇന്നത്തെ മത്സരത്തെ വ്യത്യസ്തമാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 കോലിക്ക് അഗ്നിപരീക്ഷയാകും.
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 50 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം നേടിയാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. നായകന് രോഹിത് ശര്‍മയ്ക്ക് കീഴില്‍ തുടര്‍ച്ചയായ 14-ാം ട്വന്റി 20 വിജയമാണ് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കളിച്ചതിനാല്‍ വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരും ഇന്നത്തെ മത്സരത്തിനുണ്ടാകും.
ട്വന്റി 20 ക്രിക്കറ്റില്‍ കോലിയുടെ സ്ഥാനം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ തിരിച്ചുവരവ്. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ടീം തീര്‍ത്തും നിറംമങ്ങിയ ലോകകപ്പിനുശേഷം കോലി രണ്ടു ട്വന്റി 20 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. ഫെബ്രുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു അവസാന മത്സരം. കഴിഞ്ഞ മത്സരങ്ങളില്‍ കോലിയുടെ സ്ഥാനത്ത് ഇറങ്ങിയ ദീപക് ഹൂഡ മൂന്നു കളികളിലും ഗംഭീരമായി ബാറ്റുചെയ്തു (47*, 104, 33). ഈവര്‍ഷാവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇലവനെ കണ്ടെത്താനുള്ള അവസരംകൂടിയാണ് ഈ പരമ്പര. ഈ സാഹചര്യത്തില്‍, ഫോമിലല്ലാത്ത കോലിക്കുവേണ്ടി ദീപക് ഹൂഡയെ മാറ്റിനിര്‍ത്താന്‍ ഇടയില്ല. ഇഷാന് കിഷനെ മാറ്റി രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറാകുക എന്നതാണ് മറ്റൊരു സാധ്യത.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..