കാര്‍ഡിഫ്: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ രണ്ടാം ടിട്വന്റിയില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 149 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. മധ്യ ഓവറുകളില്‍ ജയ പരാജയം മാറിമറിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ഹെയില്‍സിന്റെ (41 പന്തില്‍ 58 റണ്‍സ്) മികവിലാണ് ഇംഗ്ലണ്ടിന്റെ വിജയം. സ്‌കോര്‍; ഇന്ത്യ- 20 ഓവറില്‍ 148/5. ഇംഗ്ലണ്ട്- 19.4 ഓവറില്‍ 149/5. 

നാല് വിക്കറ്റിന് 92 റണ്‍സ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ബെയര്‍സ്‌റ്റോയെ കൂട്ടുപിടിച്ചാണ് ഹെയില്‍സ് വിജയത്തിലേക്ക് നയിച്ചത്. 18 പന്ത് നേരിട്ട ബെയര്‍സ്‌റ്റോ 28 റണ്‍സ് നേടി പുറത്തായി. മികച്ച ബൗളിങ്ങ് പ്രകടനം പുറത്തെടുത്താണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ചെറിയ സ്‌കോറിലൊതുക്കിയത്. 38 പന്തില്‍ 47 റണ്‍സെടുത്ത കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 24 പന്തില്‍ 32 റണ്‍സുമായി ധോനി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി വില്ലി, ബോള്‍, പ്ലങ്കറ്റ്, റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി ഉമേഷ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക്ക് പാണ്ഡ്യ, ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പമെത്തി (1-1).

Content Highlights: India vs England Second T 20 Cicket