Photo: ANI
ലണ്ടന്‍: ട്വന്റി 20ക്കുപിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നു. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ ഉജ്ജ്വല ഫോമിലാണ്. നാഭിക്ക് പരിക്കേറ്റ വിരാട് കോലി രണ്ടാം മത്സരത്തിലും കളിച്ചേക്കില്ല.
ഒയിന്‍ മോര്‍ഗനില്‍നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ജോസ് ബട്ലര് പച്ചതൊട്ടിട്ടില്ല. ട്വന്റി 20 പരമ്പര 1-2ന് തോറ്റു. ഇംഗ്ലണ്ടിന്റെയും ബട്ലറുടെയും തിരിച്ചുവരവിന് രണ്ടാം ഏകദിനം അവര്‍ക്ക് ജയിച്ചേപറ്റൂ. എന്നാല്‍, രോഹിത് ശര്‍മ നയിക്കുന്ന ബാറ്റിങ് നിരയെയും ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് നിരയെയും മെരുക്കുക എളുപ്പമല്ല.
കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ക്ക് മത്സരം നിര്‍ണായകമാണ്. ഷോര്‍ട്ട് ബോളുകളെ നേരിടുന്നതില്‍ ശ്രേയസ് ഇപ്പോഴും ബുദ്ധിമുട്ടുന്നു. ദീപക് ഹൂഡയെപ്പോലൊരു പ്രതിഭ ടീമിന് പുറത്തിരിക്കുമ്പോള്‍ ശ്രേയസ്സിന് മികവ് തെളിയിച്ചേ മതിയാവൂ. കഴിഞ്ഞ മത്സരത്തില്‍ ആറുവിക്കറ്റെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് വിഭാഗമാണ് ഇന്ത്യയുടെ ശക്തി. ആദ്യ മത്സരത്തില്‍ പേര് കേട്ട ഇംഗ്ലണ്ട് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഈ മത്സരത്തിലും അതേ ഫോം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.
ഓപ്പണര്‍മാരായ രോഹിതും ധവാനും മികച്ച ഫോമിലാണെന്നുള്ളതും ഇന്ത്യയുടെ ബലം കൂട്ടുന്നു. ആദ്യ മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെയായിരിക്കും ഇന്ത്യ നിലനിര്‍ത്തുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..