ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സ് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് - 578, 178, ഇന്ത്യ - 337, 192.

അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനും (50) വിരാട് കോലിക്കും (72) മാത്രമാണ് അഞ്ചാം ദിനം ഇംഗ്ലണ്ട് ആക്രമണത്തെ അല്‍പ്പമെങ്കിലും പ്രതിരോധിച്ചത്. 

ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0).

ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്‌കോര്‍ 58-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. ജാക്ക് ലീച്ചാണ് താരത്തെ മടക്കിയത്. 

പിന്നാലെ അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനെയും (50) അജിങ്ക്യ രഹാനെയേയും (0) ഒരേ ഓവറില്‍ മടക്കി ജെയിംസ് ആന്‍ഡേഴ്സണ്‍ ഇന്ത്യയെ ഞെട്ടിച്ചു.

വൈകാതെ 11 റണ്‍സെടുത്ത ഋഷഭ് പന്തിനെയും ആന്‍ഡേഴ്സണ്‍ മടക്കി. പിന്നാലെ ആദ്യ ഇന്നിങ്സില്‍ മികച്ച പ്രകടനം പുറത്തെടുത്ത വാഷിങ്ടണ്‍ സുന്ദറിനെ (0) ഡോം ബെസ്സും പുറത്താക്കി.

46 പന്തുകള്‍ നേരിട്ട അശ്വിന്‍ ഒമ്പത് റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യയുടെ വിധി എഴുതപ്പെട്ടിരുന്നു. എട്ടാമനായി കോലിയും മടങ്ങി. ഷഹബാസ് നദീം (0), ബുംറ (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

12 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് നാലാം ദിനം തന്നെ നഷ്ടമായിരുന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ച് ഇംഗ്ലണ്ടിനായി തിളങ്ങി. എന്നാല്‍ പ്രധാന താരങ്ങളുടേതടക്കം മൂന്നു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്ണായിരുന്നു അഞ്ചാം ദിനത്തിലെ താരം. ആര്‍ച്ചര്‍, സ്റ്റോക്ക്‌സ്, ബെസ്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 178 റണ്‍സില്‍ അവസാനിച്ചിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടെസ്റ്റില്‍ അശ്വിന്റെ 28-ാമത്തെ അഞ്ചുവിക്കറ്റ് നേട്ടമാണിത്. ഷഹബാസ് നദീം രണ്ടു വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ (0) രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചിരുന്നു. ഡൊമിനിക് സിബ്ലി (16), ഡാനിയല്‍ ലോറന്‍സ് (18), ബെന്‍ സ്റ്റോക്ക്‌സ് (7), ഒലി പോപ്പ് (28), ജോസ് ബട്ട്ലര്‍ (24), ഡൊമിനിക് ബെസ്സ് (25), ജോഫ്ര ആര്‍ച്ചര്‍ (5), ആന്‍ഡേഴ്സന്‍ (0) എന്നിവരാണ് പുറത്തായ താരങ്ങള്‍.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്തായിരുന്നു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സാധിക്കാതെയാണ് ഇന്ത്യന്‍ സംഘം കൂടാരം കയറിയത്.

എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ 241 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights: India vs England Live Score 1st Test Day 5