ലണ്ടന്‍: പരമ്പര തോറ്റെങ്കിലും ഒരു ജയംകൂടി നേടി തലയുയര്‍ത്തി മടങ്ങാന്‍ ഇന്ത്യ. പ്രിയപ്പെട്ട ബാറ്റ്സ്മാന്‍ അലെസ്റ്റര്‍ കുക്കിന് ജയത്തോടെ യാത്രയയപ്പ് നല്‍കാന്‍ ഇംഗ്ലണ്ട്. ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതല്‍ ലണ്ടനിലാണ് മത്സരം.
ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇന്ത്യയെ കീഴടക്കി അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിക്കഴിഞ്ഞു (3-1). അഞ്ചാം ടെസ്റ്റിലും തോറ്റാലും ഇന്ത്യയുടെ ഒന്നാം റാങ്കിന് കോട്ടം തട്ടില്ല. എന്നാല്‍ വിദേശപിച്ചിലെ തുടര്‍തോല്‍വികള്‍ ഇന്ത്യയ്ക്ക് താങ്ങാവുന്നതല്ല. ഒരു ടെസ്റ്റുകൂടി ജയിച്ച് 3-2 എന്ന നിലയില്‍ തലയുയര്‍ത്തിപ്പിടിച്ചുതന്നെ മടങ്ങാനാണ് കോലിയും സംഘവും ഇറങ്ങുന്നത്.
രണ്ടുമാസത്തിലേറെ നീണ്ട ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരമാണിത്. ട്വന്റി 20 പരമ്പര ഇന്ത്യ (2-0) സ്വന്തമാക്കിയപ്പോള്‍ ഏകദിന പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. സെപ്റ്റംബര്‍ 15-ന് യു.എ.ഇയില്‍ തുടങ്ങുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിലാണ് ഇനി ഇന്ത്യയുടെ ശ്രദ്ധ. അതിനുമുമ്പ് ജയത്തോടെ മടങ്ങാനായാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാം.
ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിനും നാലാം ടെസ്റ്റില്‍ 60 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി. അതായത്, ജയത്തിനരികെ ഇന്ത്യ ഉണ്ടായിരുന്നു. നിര്‍ണായകഘട്ടത്തില്‍ ബാറ്റിങ്ങില്‍ ഒരു മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നെങ്കില്‍ ഫലം മാറുമായിരുന്നു. എന്നാല്‍ കോലി ഒഴികെ മുന്‍നിര ബാറ്റിങ് തീര്‍ത്തും നിരാശപ്പെടുത്തി. അഞ്ചാം ടെസ്റ്റിലും ബാറ്റിങ് തന്നെയാകും പരീക്ഷിക്കപ്പെടുന്നത്.
കുക്കിനെ യാത്രയാക്കാന്‍
ഒരു പതിറ്റാണ്ടിലേറെയായി ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നെടുംതൂണായി നിന്ന മുന്‍ നായകന്‍ അലെസ്റ്റര്‍ കുക്കിന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റാകും ലണ്ടനിലേത്. അഞ്ചാം ടെസ്റ്റിനുശേഷം വിരമിക്കുമെന്ന് കഴിഞ്ഞദിവസം കുക്ക് പ്രഖ്യാപിച്ചിരുന്നു. 2006-ല്‍ ടെസ്റ്റില്‍ അരങ്ങേറിയ കുക്ക്, ഈ ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിക്കഴിഞ്ഞാണ് മടങ്ങുന്നത്. കുറച്ചുകാലമായി കുക്ക് അത്ര ഫോമിലായിരുന്നില്ല. ഈ പരമ്പരയില്‍ ഏഴ് ഇന്നിങ്സില്‍ 109 റണ്‍സ് മാത്രമാണ് നേടിയത്. ടീമില്‍നിന്ന് പുറത്താക്കപ്പെടും എന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പ്രിയ ഓപ്പണര്‍ക്ക് ജയത്തോടെ യാത്രയയപ്പ് നല്‍കണമെന്ന് ഇംഗ്ലീഷ് താരങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികം.
ടീം മാറ്റിപ്പണിയും
വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായശേഷം തുടര്‍ച്ചയായ 38 ടെസ്റ്റുകളിലും ടീമില്‍ ഒരു മാറ്റമെങ്കിലും വരുത്തിയിരുന്നു. എന്നാല്‍ 39-ാം മത്സരത്തില്‍, ഈ പരമ്പരയിലെ നാലാം ടെസ്റ്റില്‍ കോലി പഴയ ടീമിനെ നിലനിര്‍ത്തി. അഞ്ചാം ടെസ്റ്റില്‍ വീണ്ടും ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.
ബാറ്റിങ്ങില്‍ കോലിയും പൂജാരയും ഒഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തി. ഓപ്പണര്‍ മുരളി വിജയിനെ മാറ്റി, പകരം കൊണ്ടുവന്ന ലോകേഷ് രാഹുലിനും തിളങ്ങാനായില്ല. അതുകൊണ്ട് അഞ്ചാം ടെസ്റ്റില്‍ ഓപ്പണറായി യുവതാരം പ്രിഥ്വി ഷായെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈവര്‍ഷം അണ്ടര്‍ 19 കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രിഥ്വി. പരമ്പരയില്‍ തീര്‍ത്തും നിറംമങ്ങിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കുപകരം, പുതുതായി ടീമിലെത്തിയ സ്പിന്നര്‍- ഓള്‍റൗണ്ടര്‍ ഹനുമ വിഹാരിക്കും സാധ്യതയുണ്ട്. പരമ്പരയില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാത്ത അശ്വിനുപകരം രവീന്ദ്ര ജഡേജയെ കളിപ്പിച്ചേക്കും. പേസ്ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കി ശാര്‍ദൂല്‍ ഠാക്കൂറിനെയോ ഉമേഷ് യാദവിനെയോ കളിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
ലണ്ടനിലെ പിച്ചും പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നതാകും. ഇംഗ്ലണ്ട് നിരയില്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്സനും സ്റ്റുവര്‍ട്ട് ബ്രോഡിനും വിശ്രമം നല്‍കിയേക്കും. ക്രിസ് വോക്‌സ് വീണ്ടും ഇലവനിലെത്തും.
ടീം ഇവരില്‍നിന്ന്: ഇന്ത്യ കോലി (ക്യാപ്റ്റന്‍), ധവാന്‍/പ്രിഥ്വി ഷാ/രാഹുല്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, ഇഷാന്ത്, ഷമി, ശാര്‍ദൂല്‍/ ഉമേഷ്/ ഹനുമ, അശ്വിന്‍/ ജഡേജ.
ഇംഗ്ലണ്ട്: ജോ റൂട്ട് (ക്യാപ്റ്റന്‍), അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്സ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ലര്‍, ഒലി പോപ്പ്, മോയിന്‍ അലി, ആദില്‍ റഷീദ്, സാം കറന്‍, ജെയിംസ് ആന്‍ഡേഴ്സന്‍/ സ്റ്റുവര്‍ട്ട് ബ്രോഡ്/ക്രിസ് വോക്‌സ്, ബെന്‍ സ്റ്റോക്‌സ്.
Content Highlights: india vs england last test begins today