അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാലുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇന്ത്യ യോഗ്യത നേടി. സ്‌കോര്‍ ഇംഗ്ലണ്ട്: 205, 135 ഇന്ത്യ: 365

ഋഷഭ് പന്ത് മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു. അശ്വിനാണ് പരമ്പരയുടെ താരം. 32 വിക്കറ്റുകളും 189 റൺസുമാണ് അശ്വിൻ ഈ പരമ്പരയിൽ നേടിയത്. 

ആദ്യ ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെയും  വാഷിങ്ടണ്‍ സുന്ദറിന്റെ അര്‍ധസെഞ്ചുറിയുടേയും മികവില്‍ ഇന്ത്യ നേടിയ 160 റണ്‍സിന്റെ ലീഡ് മറികടക്കാനായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. 50 റണ്‍സ് നേടിയ ഡാന്‍ ലോറന്‍സ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിനും അക്ഷര്‍ പട്ടേലും അഞ്ചുവിക്കറ്റുകള്‍ വീതം വീഴ്ത്തി.

അഞ്ചാം ഓവറിന്റെ നാലാം പന്തില്‍ സാക് ക്രോളിയെയും (5) അഞ്ചാം പന്തില്‍ ജോണി ബെയര്‍സ്‌റ്റോയെയും (0) പുറത്താക്കി അശ്വിന്‍ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. ഇതോടെ 10 റണ്‍സിന് രണ്ട് എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ അനായാസം വിജയത്തിലെത്തി. 

ബെയര്‍‌സ്റ്റോയ്ക്ക് പിന്നാലെ ഓപ്പണര്‍ ഡോം സിബ്ലിയെ അക്ഷര്‍ പുറത്താക്കി. സ്വീപ് ഷോട്ടിന് ശ്രമിച്ച സിബ്ലിയുടെ ഷോട്ട് ശുഭ്മാന്‍ ഗില്ലിന്റെ കാലില്‍ തട്ടി പൊന്തി. ഇത് ഋഷഭ് പന്ത് പിടിച്ചെടുത്തു. പിന്നീട് ക്രീസിലെത്തിയ കഴിഞ്ഞ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്‌സിനെ അക്ഷര്‍ നിലം തൊടീച്ചില്ല. രണ്ടുറണ്‍സെടുത്ത സ്റ്റോക്‌സിനെ അക്ഷര്‍ പട്ടേല്‍ വിരാട് കോലിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ 30 ന് നാലുവിക്കറ്റ് എന്ന നിലയിലായി ഇംഗ്ലണ്ട്.

പിന്നീട് ഒത്തുചേര്‍ന്ന ജോ റൂട്ട്-ഒലി പോപ്പ് സഖ്യം ഇംഗ്ലണ്ടിനെ രക്ഷിക്കുമെന്ന തോന്നല്‍ ഉളവാക്കി. ഇരുവരും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്‌കോര്‍ 65-ല്‍ നില്‍ക്കേ ജോ റൂട്ടിനെയും (30) ഒലി പോപ്പിനെയും (15) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി അശ്വിനും അക്ഷറും ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 25ാം ഓവറിലെ അവസാന പന്തില്‍ പോപ്പിനെ അക്ഷര്‍ മടക്കിയപ്പോള്‍ 26-ാം ഓവറിലെ ആദ്യ പന്തില്‍ റൂട്ടിനെ അശ്വിന്‍ മടക്കി.

പിന്നീട് വന്ന വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനും പിടിച്ചുനില്‍ക്കാനായില്ല. 13 റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേല്‍ രഹാനെയുടെ കൈയ്യിലെത്തിച്ചു. ഫോക്‌സിനുശേഷം ക്രീസിലെത്തിയ ഡോം ബെസ്സിനെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ ടെസ്റ്റിലും അക്ഷര്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 

പിന്നാലെ ക്രീസിലെത്തിയ ജാക്ക് ലീച്ചിനെ പുറത്താക്കി അശ്വിന്‍ ഇംഗ്ലണ്ടിന്റെ ഒന്‍പതാം വിക്കറ്റ് സ്വന്തമാക്കി. വൈകാതെ അര്‍ധസെഞ്ചുറി നേടിയ ഡാന്‍ ലോറന്‍സിനെ പുറത്താക്കി അശ്വിനും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി അക്ഷർ ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അശ്വിൻ എട്ട് വിക്കറ്റുകൾ നേടി

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 365 റണ്‍സിന് പുറത്തായി. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 160 റണ്‍സിന്റെ ലീഡായി. 96 റണ്‍സ് നേടി പുറത്താവാതെ നിന്ന വാഷിങ്ടണ്‍ സുന്ദറിന്റെയും 43 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 365-ല്‍ എത്തിച്ചത്.നേരത്തേ ഋഷഭ് പന്ത് 101 റൺസ് നേടിയിരുന്നു

അര്‍ഹിച്ച സെഞ്ചുറിയാണ് സുന്ദറിന് നഷ്ടമായത്. തന്റെ കന്നി സെഞ്ചുറിയ്ക്കായി സുന്ദര്‍ ഇനിയും കാത്തിരിക്കണം. ഒരു ഘട്ടത്തില്‍ 365 ന് ഏഴ് എന്ന നിലയില്‍ നിന്നും ഇന്ത്യ അതേ സ്‌കോറിന് ഓള്‍ ഔട്ടായി. അഞ്ചുപന്തുകള്‍ക്കിടയില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് അതിവേഗം ഇന്ത്യയെ ഓള്‍ ഔട്ടാക്കി. 96 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സുന്ദറിന് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഇത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. അക്ഷര്‍ പട്ടേലിനൊപ്പം സുന്ദര്‍ 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ആദ്യം അക്ഷര്‍ പട്ടേലാണ് പുറത്തായത്. അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷര്‍ റണ്‍ ഔട്ടായി. പിന്നാലെ ക്രീസിലെത്തിയ ഇഷാന്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റോക്‌സ് അതേ ഓവറിലെ നാലാം പന്തില്‍ അവസാന ബാറ്റ്‌സ്മാനായ സിറാജിന്റെ കുറ്റി തെറിപ്പിച്ചു.

ഇംഗ്ലണ്ടിനായി സ്റ്റോക്‌സ് നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്‍ഡേഴ്‌സന്‍ മൂന്നു വിക്കറ്റ് നേടി. ജാക്ക് ലീച്ച് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Content Highlights: India vs England fourth test day three