ലണ്ടന്‍: അപ്രതീക്ഷിതമായ ഒരു വിജയത്തിനും കനത്ത ഒരു തോല്‍വിക്കുംശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നു. ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് വൈകീട്ട് 3.30 മുതല്‍ ഓവല്‍ ഗ്രൗണ്ടില്‍.

പരമ്പരയിലെ ആദ്യടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്റെ അപ്രതീക്ഷിത വിജയംനേടി. കഴിഞ്ഞയാഴ്ച നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 76 റണ്‍സിനും ഇന്ത്യ തോറ്റു. ഇതോടെ 1-1 തുല്യനിലയിലാണ് പരമ്പര.

ബാറ്റ്സ്മാന്മാരുടെ സ്ഥിരതയില്ലായ്മ ഇന്ത്യയെ അലട്ടുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര, അഞ്ചാമനായ അജിന്‍ക്യ രഹാനെ എന്നിവരും കുറേക്കാലമായി അത്ര നല്ല ഫോമിലല്ല. കഴിഞ്ഞ ടെസ്റ്റില്‍ പുജാര 91 റണ്‍സടിച്ചത് ചെറിയ ആശ്വാസമായി. ഓസ്ട്രേലിയയ്‌ക്കെതിരായ ഒരു സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരേ ഒരു അര്‍ധസെഞ്ചുറിയും മാറ്റിനിര്‍ത്തിയാല്‍ സമീപകാലത്ത് രഹാനെയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമാണ്. മികച്ച മധ്യനിര ബാറ്റ്സ്മാനെന്ന് പേരെടുത്ത സൂര്യകുമാര്‍ യാദവ്, പാര്‍ട്ട് ടൈം ബൗളര്‍കൂടിയായ ഹനുമ വിഹാരി എന്നിവര്‍ അവസരത്തിനായി കാത്തിരിക്കുന്നത് രഹാനെക്ക് ഭീഷണിയാകുന്നുണ്ട്. രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവര്‍ ചേര്‍ന്ന ഓപ്പണിങ് വിഭാഗത്തെക്കുറിച്ച് വലിയ ആശങ്കയില്ല.

കഴിഞ്ഞ മൂന്ന് ടെസ്റ്റിലും പേസ് ബൗളര്‍മാര്‍ കഠിനമായി അധ്വാനിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ ജോലിഭാരം കുറയ്ക്കാനും ടീം ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി പുതുമുഖ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തി. സ്റ്റാന്‍ഡ് ബൈ ആയാണ് പ്രസിദ്ധ് ഇംഗ്ലണ്ടിലെത്തിയത്. ഇഷാന്ത് ശര്‍മയ്ക്ക് പകരം ശാര്‍ദൂല്‍ ഠാക്കൂറും പരിഗണനയിലുണ്ട്.

ലോകോത്തര സ്പിന്നര്‍ ആര്‍. അശ്വിന് ആദ്യ മൂന്ന് ടെസ്റ്റിലും ഇടംകിട്ടിയില്ല. ബാറ്റിങ്ങിലുംകൂടി വിശ്വസിക്കാവുന്ന ഇടംകൈയന്‍ രവീന്ദ്ര ജഡേജയെ കളിപ്പിക്കുന്നതുകൊണ്ടാണിത്. ഓവല്‍ ഗ്രൗണ്ടില്‍ സ്പിന്നിന് കുറച്ചുകൂടി ആനുകൂല്യമുള്ളതിനാല്‍ അശ്വിനെ ഇറക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പാര്‍ട്ട് ടൈം സ്പിന്നറായ ഹനുമ വിഹാരിക്കും സാധ്യതതെളിയും.

ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഫോം ഇംഗ്ലണ്ടിന് വലിയ ആശ്വാസം നല്‍കുന്നു. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഡേവിഡ് മാലനും മൂന്നാം ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നു. പേസ് ബൗളിങ്ങില്‍ ക്രിസ് വോക്സ്, മാര്‍ക് വുഡ് എന്നിവര്‍ എത്തുന്നതോടെ മുതിര്‍ന്ന താരം ജെയിംസ് ആന്‍ഡേഴ്സന് ജോലിഭാരം കുറയും. ജോസ് ബട്ലര്‍ക്ക് പകരം ജോണി ബെയര്‍‌സ്റ്റോ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറ്റെടുക്കും.

Content Highlights: India vs England fourth cricket test day one