അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ടിന് അനായാസ വിജയം. എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 15.3 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണെടുത്തത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 124 ന് എഴ്, ഇംഗ്ലണ്ട് 15.3 ഓവറില്‍ രണ്ട് വിക്കറ്റിന് 130.

32 പന്തുകളില്‍ നിന്നും 49 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ ജേസണ്‍ റോയിയുടെ മികവിലാണ് ഇംഗ്ലണ്ട് അനായാസം വിജയത്തിലെത്തിയത്. 

കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇംഗ്ലണ്ട് വിജയം നേടിയത്. സ്പിന്നര്‍മാരെ അണിനിരത്തി ബൗളിങ് പിടിക്കാനുള്ള നായകന്‍ വിരാട് കോലിയുടെ തന്ത്രം ഫലിച്ചില്ല. ഇന്ത്യന്‍ സ്പിന്നര്‍മാരെല്ലാവരും കണക്കിന് തല്ലുവാങ്ങി. മറുവശത്ത് ഇംഗ്ലണ്ട് ബൗളര്‍മാരെല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യൻ ബാറ്റിങ് നിരയെ പിച്ചിച്ചീന്തിയ ഇം​ഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചർ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു

125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. റോയിയായിരുന്നു കൂടുതല്‍ അപകടകാരി. ഇരുവരും ചേര്‍ന്ന് ആറോവറില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഒടുവില്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ ജോസ് ബട്‌ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കി ചാഹല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തുകളില്‍ നിന്നും രണ്ട് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 28 റണ്‍സാണ് താരം നേടിയത്. ആദ്യ വിക്കറ്റില്‍ ജേസണ്‍ റോയിയ്‌ക്കൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ബട്‌ലര്‍ മടങ്ങിയത്. 

ബട്‌ലറിന് പിന്നാലെ ജേസണ്‍ റോയിയും പുറത്തായി. സ്‌കോര്‍ 89-ല്‍ നില്‍ക്കേ തന്റെ ആദ്യ പന്തില്‍ തന്നെ റോയിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി വാഷിങ്ടണ്‍ സുന്ദര്‍ ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് വീഴ്ത്തി. 32 പന്തുകളില്‍ നിന്നും നാല് ഫോറുകളുടെയും മൂന്ന് സിക്‌സുകളുടെയും ബലത്തില്‍ 49 റണ്‍സെടുത്താണ് റോയ് മടങ്ങിയത്. 

പിന്നീട് ഒത്തുചേര്‍ന്ന ബെയര്‍‌സ്റ്റോയും ഡേവിഡ് മലാനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലെത്തിച്ചു. ബെയര്‍സ്‌റ്റോ 17 പന്തുകളില്‍ നിന്നും 26 റണ്‍സെടുത്തും മലാന്‍ 20 പന്തുകളില്‍ നിന്നും 24 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ചാഹലും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചാഹല്‍ നാലോവറില്‍ 44 റണ്‍സും അക്ഷര്‍ പട്ടേല്‍ മൂന്നോവറില്‍ 24 റണ്‍സും വഴങ്ങി. 

48 പന്തുകളില്‍ നിന്നും 67 റണ്‍സെടുത്ത ശ്രേയസ്സ് അയ്യര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. 

കണിശതോടെ പന്തെറിഞ്ഞ ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ശിഥിലമായി. നാലോവറില്‍ ഒരു മെയ്ഡനടക്കം 23 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. വെറും മൂന്നു റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. ഓപ്പണര്‍ കെ.എല്‍.രാഹുലും (1) നായകന്‍ വിരാട് കോലിയുമാണ് (0) പുറത്തായത്. രാഹുലിന്റെ വിക്കറ്റ് ജോഫ്ര ആര്‍ച്ചര്‍ വീഴ്ത്തിയപ്പോള്‍ അനാവശ്യ ഷോട്ട് കളിച്ച കോലി ആദില്‍ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 

പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തും ഓപ്പണര്‍ ശിഖര്‍ ധവാനും ചേര്‍ന്ന് സ്‌കോര്‍ 20-ല്‍ എത്തിച്ചു. എന്നാല്‍ 12 പന്തുകളില്‍ നിന്നും നാലുറണ്‍സെടുത്ത ധവാനെ മാര്‍ക്ക് വുഡ് ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ സ്‌കോര്‍ 20 ന് മൂന്നുവിക്കറ്റ് എന്ന നിലയിലായി. ബാറ്റിങ് പവര്‍പ്ലേയില്‍ ഇന്ത്യ വെറും 22 റണ്‍സാണ് എടുത്തത്. 

പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് പന്ത് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. എന്നാല്‍ സകോര്‍ 48-ല്‍ നില്‍ക്കേ  23 പന്തുകളില്‍ നിന്നും 21 റണ്‍സെടുത്ത ഋഷഭ് പന്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്ത് ബെയര്‍‌സ്റ്റോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ആദ്യ പത്തോവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വെറും 48 റണ്‍സാണ് ഇന്ത്യ നേടിയത്. 

പന്തിന് ശേഷം ക്രീസിലെത്തിയ ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ മികച്ച പ്രകടനം പുറത്തെടുത്തു. വൈകാതെ 36 പന്തുകളില്‍ നിന്നും താരം അര്‍ധസെഞ്ചുറി നേടി. കരിയറിലെ മൂന്നാം അര്‍ധസെഞ്ചുറിയാണ് ശ്രേയസ് ഈ മത്സരത്തിലൂടെ കുറിച്ചത്. 

ശ്രേയസും ഹാര്‍ദിക്കും ചേര്‍ന്ന് 17 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. പിന്നാലെ 21 പന്തുകളില്‍ നിന്നും 19 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. ശ്രേയസ്സിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് താരം ക്രീസ് വിട്ടത്. പിന്നാലെ വന്ന ശാര്‍ദുല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ആര്‍ച്ചര്‍ക്ക് വിക്കറ്റ് സമ്മാനിച്ചു.  

അവസാന ഓവറുകളില്‍ ഒറ്റയ്ക്ക് സ്‌കോര്‍ മുന്നോട്ടുകൊണ്ടുപോയ ശ്രേയസ്സ് അയ്യരുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ശ്രേയസ്സിനെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് പിറന്നത്. എട്ട് ബൗണ്ടറികളും ഒരു സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. അവസാന ഓവറിലെ മൂന്നാം പന്തിലാണ് ശ്രേയസ് പുറത്തായത്. ക്രിസ് ജോര്‍ഡാന്റെ പന്തില്‍ സിക്‌സടിക്കാന്‍ ശ്രമിച്ച അയ്യരുടെ ഷോട്ട് മലാന്‍ കൈയ്യിലൊതുക്കി. 

മൂന്നുവിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചര്‍ക്ക് പുറമേ ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ഡാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: India vs England first twenty 20 international cricket match live