Photo: twitter.com|BCCI
ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ടിന്റെയും അർധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡോം സിബ്ലിയുടെയും തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ ആദ്യദിനത്തില്‍ കെട്ടിപ്പൊക്കിയത്.
197 പന്തുകളില്‍നിന്നു 14 ബൗണ്ടറികളുടെ സഹായത്തോടെ 128 റണ്‍സെടുത്ത ജോ റൂട്ട് പുറത്താവാതെ നില്‍ക്കുന്നു. കരിയറിലെ 100-ാം ടെസ്റ്റ് മത്സരത്തില്‍ ശതകം നേടി മത്സരം അവിസ്മരണീയമാക്കാന്‍ റൂട്ടിന് സാധിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഡോം സിബ്ലിയും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട ഇരുവരും ആദ്യ വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍, ഈ കൂട്ടുകെട്ട് പൊളിച്ച് ആര്‍.അശ്വിന്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിച്ചു.
സ്‌കോര്‍ 63-ല്‍ നില്‍ക്കെ 33 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സിനെയാണ് അശ്വിന്‍ പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടിച്ചാണ് ബേണ്‍സ് പുറത്തായത്. ഓപ്പണര്‍ ഡോം സിബ്ലിയ്‌ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിനുശേഷമാണ് ബേണ്‍സ് ക്രീസ് വിട്ടത്.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡാന്‍ ലോറന്‍സ് അക്കൗണ്ട് തുറക്കുംമുന്‍പ് ക്രീസ് വിട്ടു. റണ്‍സൊന്നും എടുക്കാത്ത ലോറന്‍സിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ഇംഗ്ലണ്ട് 63-ന് പൂജ്യം എന്ന നിലയില്‍ നിന്നും 63-ന് രണ്ട് എന്ന നിലയിലേക്ക് വീണു. ലോറന്‍സിന് പകരം നായകന്‍ ജോ റൂട്ട് ക്രീസിലെത്തി. ഇതോടെ ഇംഗ്ലണ്ടിന്റെ തലവര തെളിഞ്ഞു. തകര്‍ച്ചയില്‍നിന്നു ഇംഗ്ലണിനെ രക്ഷിക്കാന്‍ റൂട്ടും സിബ്ലിയും ശ്രമിച്ചു.
സിബ്ലിയ്‌ക്കൊപ്പം സൂക്ഷിച്ച് കളിച്ച റൂട്ട് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. ഇതിനിടെ സിബ്ലി അര്‍ധസെഞ്ചുറി നേടി. 160 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെ സഹായത്തോടെയാണ് സിബ്ലി അര്‍ധശതകം പൂര്‍ത്തിയാക്കിയത്. സിബ്ലിയുടെ കരിയറിലെ നാലാം അര്‍ധശതകമാണിത്.
അധികം വൈകാതെ നായകന്‍ ജോ റൂട്ടും അര്‍ധസെഞ്ചുറി നേടി. 110 പന്തുകളില്‍ നിന്നാണ് റൂട്ട് അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയ്‌ക്കെതിരേ പുറത്തെടുത്ത മികവ് ഇന്ത്യയ്‌ക്കെതിരേയും റൂട്ട് പ്രകടിപ്പിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വെള്ളം കുടിച്ചു. റൂട്ട്-സിബ്ലി സഖ്യത്തെ പുറത്താക്കാന്‍ നായകന്‍ കോലി ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. അര്‍ധസെഞ്ചുറി നേടിയ ശേഷം റൂട്ട് സ്‌കോര്‍ വേഗത്തിലാക്കാന്‍ ശ്രമിച്ചപ്പോള്‍ സിബ്ലി അതിന് പൂര്‍ണ പിന്തുണയേകി.
അനായാസം റണ്‍സ് നേടി റൂട്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. വൈകാതെ കരിയറിലെ 20-ാം സെഞ്ചുറിയും സ്വന്തമാക്കി. 164 പന്തുകളില്‍നിന്നു 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് റൂട്ട് ശതകത്തിലെത്തിയത്. റൂട്ടിന്റെ തുടര്‍ച്ചയായ മൂന്നാം ശതകവുമാണിത്. കഴിഞ്ഞ രണ്ട് ഇന്നിങ്‌സുകളില്‍ ശ്രീലങ്കയ്‌ക്കെതിരേ താരം സെഞ്ചുറി നേടിയിരുന്നു. 228, 186 എന്നിങ്ങനെയായിരുന്നു റൂട്ടിന്റെ സ്‌കോറുകള്‍.
പിന്നാലെ റൂട്ടും സിബ്ലിയും ചേര്‍ന്ന് സ്‌കോര്‍ 250 കടത്തി. എന്നാല്‍ ആദ്യദിനത്തിലെ അവസാന ഓവറില്‍ ഡോം സിബ്ലിയെ പുറത്താക്കി ബുംറ നേരിയ ആശ്വാസം ഇന്ത്യന്‍ ക്യാമ്പില്‍ പകര്‍ന്നു. 286 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളുടെ സഹായത്തോടെ 87 റണ്‍സെടുത്ത താരത്തെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. വിക്കറ്റ് വീണതോടെ ആദ്യ ദിനത്തിലെ കളിയും അവസാനിച്ചു.
ഇന്ത്യയ്ക്കായി ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: India vs England first test match day one Chennai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..