ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 95 റണ്‍സ് ലീഡ്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 278 റണ്‍സിന് എല്ലാവരും പുറത്തായി. 

നാല് വിക്കറ്റിന് 125 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യ നിര്‍ണായകമായ 153 റണ്‍സ് കൂടിയാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. കെ.എല്‍ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും ബാറ്റിങ്ങാണ് ഇന്ത്യയെ ലീഡിലേക്കെത്തിച്ചത്. 

രാഹുല്‍ 214 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ 84 റണ്‍സെടുത്തപ്പോള്‍ ജഡേജ 86 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് നേടി. ഇംഗ്ലണ്ട് പേസ് ബൗളര്‍ ഒലി റോബിന്‍സണ്‍ 26.5 ഓവറില്‍ 85 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. റോബിന്‍സണ്‍ന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 183 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ മുന്നില്‍ തകര്‍ന്ന ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോ റൂട്ട് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. റൂട്ട് 108 പന്തില്‍ 64 റണ്‍സ് നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും മുഹമ്മദ് ഷമി മൂന്നും വിക്കറ്റ് വീഴ്ത്തി.

Content Highlights: India vs England First Test Cricket Day 3