ബര്‍മിങ്ങാം: 149 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 274 റണ്‍സെടുത്തു. ഇംഗ്ലണ്ട് സ്‌കോറിനേക്കാള്‍ 13 റണ്‍സ് പിറകില്‍ ഇന്ത്യ ഓള്‍ഔട്ടാകുകയായിരുന്നു.

222 പന്തില്‍ നിന്ന് 149 റണ്‍സെടുത്ത കോലി ഏറ്റവും ഒടുവിലാണ് പുറത്തായത്. ആദില്‍ റഷീദിനാണ് വിക്കറ്റ്. ഉമേഷ് യാദവ് 16 പന്തില്‍ നിന്ന് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ 172 പന്തിലാണ് കോലി തന്റെ 22-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസില്‍ ഉറച്ചുനിന്ന കോലിയുടെ ഒറ്റയാള്‍ മികവിലാണ് ഇന്ത്യ 274-ല്‍ എത്തിയത്.  

നാലു വിക്കറ്റ് വീഴ്ത്തിയ സാം കുറനാണ് ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തത്. ബെന്‍ സ്റ്റോക്‌സ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. 

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 287 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്. വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് തുടര്‍ന്ന് ഒന്‍പതു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മുരളി വിജയിയേയും (20) ധവാനേയും (26) രാഹുലിനെയും (4) നഷ്ടമായി. 

ഇരുപതുകാരനായ കുറനാണ് ഇവരെ പുറത്താക്കിയത്. പിന്നാലെ ഉച്ചഭക്ഷണത്തിനു ശേഷം ഇന്ത്യയ്ക്ക് രഹാനെ (15), ദിനേഷ് കാര്‍ത്തിക്ക് (0), ഹാര്‍ദിക് പാണ്ഡ്യ (22) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. രഹാനെ, കാര്‍ത്തിക്ക് എന്നിവരെ വീഴ്ത്തിയത് ബെന്‍ സ്റ്റോക്‌സായിരുന്നു. പാണ്ഡ്യയെ സാം കുറാനും പുറത്താക്കി. ആറാം വിക്കറ്റില്‍ കോലിക്കൊപ്പം 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പാണ്ഡ്യ മടങ്ങിയത്. ഇഷാന്തിനെ ആദില്‍ റഷീദ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

Content Highlights: india england first test