Photo: AFP
ലണ്ടന്‍: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചതിന്റെ ആവേശം അടങ്ങുംമുമ്പ് ഇന്ത്യയ്ക്ക് ഏകദിന പരീക്ഷണം. ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്ക് ചൊവ്വാഴ്ച കെന്നിങ്ടണ്‍ ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകീട്ട് 5.30 മുതലാണ് മത്സരം.
ഇംഗ്ലണ്ടിന്റെ ആക്രമണാത്മക ക്രിക്കറ്റിനെ അതേരീതിയില്‍ എതിരിട്ടുകൊണ്ടാണ് മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ രണ്ടു ജയം നേടിയത്. ഞായറാഴ്ച മൂന്നാമത്തെ മത്സരത്തില്‍ 215 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 198 റണ്‍സിലെത്തിയതും ശ്രദ്ധേയമായി. 55 പന്തില്‍ 117 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ പ്രകടനം തോല്‍വിയിലും തിളങ്ങിനിന്നു.
ജോസ് ബട്ലര് നായകപദവി ഏറ്റെടുത്തശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന പരമ്പരയാണിത്. ഈയിടെ സമാപിച്ച ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരേ വിജയം നേടിക്കൊടുത്ത ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയവര്‍കൂടി എത്തുന്ന ഇംഗ്ലണ്ട് ടീം അതിശക്തമാണ്.
പരിക്കിലുള്ള വിരാട് കോലി കളിക്കാന്‍ സാധ്യതയില്ല. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ശിഖര്‍ ധവാനുമുണ്ട്. മറ്റൊരു ഓപ്പണര്‍ ഇഷാന് കിഷനും ടീമിലുണ്ട്. തുടര്‍ന്ന് സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുണ്ട്.
പേസ് ബൗളര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ശാര്‍ദൂല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍. സ്പിന്‍ വിഭാഗത്തില്‍ യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ചേരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..