ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 181 റണ്‍സിനിടയില്‍ ഏഴു വിക്കറ്റുകള്‍ നഷ്ടമായി. രണ്ടു വിക്കറ്റിന് 133 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് പിന്നീട് തകരുകയായിരുന്നു. ഒരു റണ്ണിനിടയില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ ഇഷാന്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് വെള്ളം കുടിപ്പിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് സ്‌കോര്‍ ബോര്‍ഡില്‍ 60 റണ്‍സെത്തിയ ശേഷമാണ്. 23 റണ്‍സെടുത്ത ഓപ്പണര്‍ ജെന്നിങ്സിനെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുക്കും മോയിന്‍ അലിയും ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇംഗ്ലീഷ് ജഴ്‌സിയില്‍ അവസാന മത്സരത്തിനിറങ്ങിയ കുക്ക് 190 പന്തില്‍ 71 റണ്‍സടിച്ച് പുറത്തായി. കുക്കിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
പിന്നീട് ക്രീസിലെത്തിയ ജോ റൂട്ട് അതേ ഓവറില്‍ തന്നെ പുറത്തായി. അക്കൗണ്ട് തുറക്കും ഇംഗ്ലീഷ് ക്യാപ്റ്രനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ബെയര്‍സ്‌റ്റോയും പുറത്തായി. നാല് പന്ത് നേരിട്ട് ഒരൊറ്റ റണ്‍ പോലും കണ്ടെത്താതിരുന്ന ബെയര്‍സ്‌റ്റോയെ ഇഷാന്ത് ശര്‍മ്മ, റിഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു.
തുടരെത്തുടരെ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ പിന്നീട് കര കയറ്റാന്‍ ബെന്‍ സ്റ്റോക്ക്‌സും മോയിന്‍ അലിയും ചേര്‍ന്ന് ശ്രമിച്ചു. അഞ്ചാം വിക്കറ്റില്‍ 37 റണ്‍സുമായി മുന്നേറിയ ഈ കൂട്ടുകെട്ട് ജഡേജ പൊളിച്ചു. 11 റണ്‍സുമായി സ്റ്റോക്ക്‌സ് പുറത്തു. അര്‍ദ്ധ സെഞ്ചുറി തികച്ചതിന് പിന്നാലെ മോയിന്‍ അലിയും ക്രീസ് വിട്ടു. യുവതാരം സാം കറനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, രണ്ട് പന്ത് നേരിട്ട കറനെ ഇഷാന്ത് ശര്‍മ്മ, റിഷഭിന്റെ കൈയിലെത്തിച്ചു. ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 181 എന്ന നിലയിലായി.
Content Highlights: India vs England Fifth Test Oval