ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി ഏഴിന് ആരംഭിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഫെബ്രുവരി 7 ന് നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ പരമ്പര ആരംഭിക്കും. നാലുമത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിലൊന്ന് ഡേ ആന്‍ഡ് നൈറ്റ് ആയി നടത്തുമെന്നും ഷാ വ്യക്തമാക്കി.

ഫെബ്രുവരി 24 നാണ് ഇന്ത്യയും ഇംഗ്ലണ്ടും ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കുക. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ വെച്ച് മത്സരം നടത്തും. 

ടെസ്റ്റ് മത്സരങ്ങള്‍ കൂടാതെ അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ അറിയിച്ചിട്ടുണ്ട്. അഞ്ച് ട്വന്റി 20 മത്സരങ്ങളും അഹമ്മദാബാദില്‍ വെച്ചാണ് നടക്കുക. എന്നാല്‍ ഈ മത്സരങ്ങളുടെ സമയക്രമം പുറത്തുവിട്ടിട്ടില്ല.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തുന്ന കോലിയും സംഘവും ഉടന്‍ തന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ഒരുങ്ങും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് പുതിയ താരങ്ങളെ പരീക്ഷിക്കാനുള്ള മികച്ച അവസരമാണിത്. 

Content Highlights: India Vs England Day-Night Test To Be Played In Ahmedabad From February 24, Says BCCI Secretary Jay Shah