After making 416 in the first innings, India reduced England to 84/5 in 27 overs / Photo: AP
ബര്‍മിങാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. മഴ കാരണം ഭൂരിഭാഗം സമയവും നഷ്ടമായ രണ്ടാം ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിക്കഴിഞ്ഞു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ചിന് 84 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാള്‍ 332 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. ജോണി ബെയര്‍സ്റ്റോ (12*), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് (0*) എന്നിവരാണ് ക്രീസില്‍.
രണ്ടാം ദിനം ഇടയ്ക്കിടെ മഴ കാരണം കളിനിര്ത്തിവെക്കേണ്ടി വന്നെങ്കിലും അതിനൊന്നും ഇന്ത്യയുടെ മുന്നേറ്റത്തെ തടുക്കാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ഇംഗ്ലീഷ് മുന്‍നിരയെ തകര്‍ത്തത്.
67 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത സ്റ്റാര്‍ ബാറ്റ്സ്മാന് ജോ റൂട്ടിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് സ്വപ്ന വിക്കറ്റ് സമ്മാനിച്ചത്. സിറാജിന്റെ പന്തിന്റെ ബൗണ്‍സ് മനസിലാക്കുന്നതില്‍ റൂട്ടിന് പിഴച്ചു. ഋഷ് പന്തിന് ക്യാച്ച്. പിന്നാലെ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ജാക്ക് ലീച്ചിനെ (0) പുറത്താക്കി മുഹമ്മദ് ഷമി ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി.
നേരത്തെ 44 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ അലക്സ് ലീസ് (6), സാക് ക്രൗളി (9), ഒലി പോപ്പ് (10) എന്നിവരെ പുറത്താക്കി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നാലെ മഴയെത്തിയതോടെ നിര്‍ത്തിവെച്ച മത്സരം ഔട്ട്ഫീല്‍ഡിലെ നനവ് കാരണം പുനരാരംഭിക്കാന്‍ വൈകുകയായിരുന്നു.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 416 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ദിനം അഞ്ചിന് 98 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും ഇന്നിങ്സുകളാണ് തുണയായത്. ആറാം വിക്കറ്റില്‍ 222 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയ ശേഷമാണ് പിരിഞ്ഞത്.
ഏഴിന് 338 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ അതിവേഗം സ്കോര്‍ ചെയ്യുകയായിരുന്നു. തലേദിവസം 83 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജഡേജ രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ സെഞ്ചുറി സ്വന്തമാക്കി. 194 പന്തില്‍ നിന്ന് 13 ബൗണ്ടറിയടക്കം 104 റണ്‍സെടുത്ത ജഡേജയെ ഒടുവില്‍ ജെയിംസ് ആന്‍ഡേഴ്സനാണ് പുറത്താക്കിയത്. ജഡേജയ്ക്ക് പിന്തുണ നല്കിയ മുഹമ്മദ് ഷമി 16 റണ്‍സെടുത്ത് പുറത്തായി.
രണ്ടാം ദിനം ഇരുവരും പുറത്തായ ശേഷം തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ സ്കോര്‍ 400 കടത്തിയത്. 16 പന്തുകള്‍ നേരിട്ട ബുംറ രണ്ട് സിക്സും നാല് ഫോറുമടക്കം 31 റണ്‍സോടെ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജാണ് (2) അവസാനം പുറത്തായ ഇന്ത്യന്‍ താരം.
ഇതിനിടെ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറില്‍ 35 റണ്‍സ് ഇന്ത്യന്‍ സ്കോറിലെത്തിക്കുന്നതിലും ബുംറ പങ്കാളിയായി. ഓവറില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 29 റണ്‍സ് ബുംറ തന്നെ അടിച്ചെടുത്തു. ഇതോടൊപ്പം ബ്രോഡ് ആറ് റണ്‍സ് അധികമായി വഴങ്ങിയതോടെ ആ ഓവറില്‍ 35 റണ്‍സ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലെത്തി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി. 28 റണ്‍സ് വീതം നേടിയ ബ്രയാന്‍ ലാറ, ജോര്‍ജ് ബെയ്ലി, കേശവ് മഹാരാജ് എന്നിവരെയാണ് ബുംറ മറികടന്നത്.
ഇംഗ്ലണ്ടിനായി ജെയിംസ് ആന്ഡേഴ്സണ് അഞ്ചു വിക്കറ്റ് വീഴ്ത്തി. മാത്യു പോട്ട്സ് രണ്ട് വിക്കറ്റെടുത്തു.
ഋഷഭ് പന്തിന്റെ ബാറ്റിങ്ങാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് കരുത്തായത്. 89 പന്തില്‍ സെഞ്ചുറി തികച്ച പന്ത് കരിയറിലെ അഞ്ചാം സെഞ്ചുറിയും ബര്‍മിങ്ങാമില്‍ കുറിച്ചു. 111 പന്തില്‍ നിന്ന് നാല് സിക്സും 20 ഫോറുമടക്കം 146 റണ്‍സെടുത്ത പന്തിനെ ഒടുവില്‍ ജോ റൂട്ടാണ് പുറത്താക്കിയത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും പന്ത് സ്വന്തമാക്കി. 2005-06 പരമ്പരയില്‍ പാകിസ്താനെതിരേ 93 പന്തില്‍ നിന്ന് സെഞ്ചുറിയിലെത്തിയ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ റെക്കോഡാണ് പന്ത് മറികടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..