ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം അവസാനിപ്പിച്ച ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ 171 റണ്‍സിന്റെ ലീഡായി.

22 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയും മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മ - ചേതേശ്വര്‍ പൂജാര സഖ്യം 153 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 80-ാം ഓവറില്‍ പുതിയ പന്തെടുത്ത ഇംഗ്ലണ്ട് അതേ ഓവറില്‍ നിലയുറപ്പിച്ച ഇരുവരെയും മടക്കുകയായിരുന്നു. ഒലി റോബിന്‍സനാണ് ഇരുവരെയും പുറത്താക്കിയത്. 

ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറി നേടിയ രോഹിത് 256 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 14 ഫോറുമടക്കം 127 റണ്‍സെടുത്ത് മടങ്ങി. മോയിന്‍ അലിയെ സിക്സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്.

പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 61 റണ്‍സെടുത്തു.

മൂന്നാം ദിനം ഇന്ത്യയ്ക്ക് സ്‌കോര്‍ 83-ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ നഷ്ടമായി. 101 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ആറു ഫോറുമടക്കം 46 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇംഗ്ലണ്ടിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ മികച്ച തുടക്കമിട്ട ശേഷമാണ് രാഹുല്‍ പുറത്തായത്. 

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 99 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 191 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 290 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഒലി പോപ്പും ക്രിസ് വോക്‌സും ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി നേടി.

Content Highlights: India vs England 4th Test Match Day 3