ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 368 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കം. നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 

ഒരു ദിവസത്തെ മത്സരം ബാക്കിനില്‍ക്കേ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് ഇനി 291 റണ്‍സ് കൂടി വേണം. റോറി ബേണ്‍സ് (31*), ഹസീബ് ഹമീദ് (43*) എന്നിവരാണ് ക്രീസില്‍. 

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ 368 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. 

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യന്‍ ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സില്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിക്കുന്ന കാഴ്ചയ്ക്കാണ് കെന്നിങ്ടണ്‍ ഓവല്‍ സാക്ഷിയായത്. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 466 റണ്‍സിന് ഓള്‍ഔട്ടായി. 

സെഞ്ചുറി നേടിയ രോഹിത് ശര്‍മ, അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മത്സരത്തിന്റെ ഡ്രൈവിങ് സീറ്റിലിരുത്തിയത്. 

കെ.എല്‍ രാഹുല്‍ (46), ക്യാപ്റ്റന്‍ വിരാട് കോലി (44) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവനകള്‍ നല്‍കി. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജ (17), അജിങ്ക്യ രഹാനെ (0), ക്യാപ്റ്റന്‍ വിരാട് കോലി (44) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായി. ജഡേജയേയും രഹാനെയേയും ക്രിസ് വോക്‌സ് മടക്കിയപ്പോള്‍ കോലിയെ മോയിന്‍ അലി പുറത്താക്കി.

പിന്നാലെ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് - ഷാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് പിന്നീട് ഇന്ത്യന്‍ തിരിച്ചടിയുടെ നേതൃത്വമേറ്റെടുത്തത്. ഏഴാം വിക്കറ്റില്‍ ഇരുവരും 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് വിയര്‍ത്തു. ഇന്ത്യന്‍ സ്‌കോര്‍ 400 കടക്കുകയും ചെയ്തു. 

ആദ്യ ഇന്നിങ്‌സിലെ മികവ് തുടര്‍ന്ന താക്കൂര്‍ 72 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സിക്‌സുമടക്കം 60 റണ്‍സെടുത്ത് പുറത്തായി. താക്കൂറിനെ മടക്കി ജോ റൂട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 106 പന്തില്‍ നിന്ന് 50 റണ്‍സോടെ പന്തും മടങ്ങി.

ജസ്പ്രീത് ബുംറ (24), ഉമേഷ് യാദവ് (25) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് സംഭാവന നല്‍കി. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സോടെ പുറത്താകാതെ നിന്നു. 

സെഞ്ചുറി നേടിയ രോഹിത് ശര്‍മ, അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മ - ചേതേശ്വര്‍ പൂജാര സഖ്യം 153 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.

ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറി നേടിയ രോഹിത് 256 പന്തുകള്‍ നേരിട്ട് ഒരു സിക്സും 14 ഫോറുമടക്കം 127 റണ്‍സെടുത്ത് മടങ്ങി. മോയിന്‍ അലിയെ സിക്‌സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 61 റണ്‍സെടുത്തു.

101 പന്തുകള്‍ നേരിട്ട് ഒരു സിക്സും ആറു ഫോറുമടക്കം 46 റണ്‍സെടുത്ത രാഹുലിനെ ജെയിംസ് ആന്‍ഡേഴ്സനാണ് പുറത്താക്കിയത്.

Content Highlights: India vs England 4th Test Day 4