Photo: ap
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയില്‍.
ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 99 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 56 റണ്‍സ് പിന്നിലാണ്. രോഹിത് ശര്‍മ (20*), കെ.എല്‍ രാഹുല്‍ (22*) എന്നിവരാണ് ക്രീസില്‍.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 191 റണ്‍സ് പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 290 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.
ഒലി പോപ്പും ക്രിസ് വോക്സും ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി നേടി. 159 പന്തുകള്‍ നേരിട്ട പോപ്പ് ആറ് ഫോറുകളടക്കം 81 റണ്‍സെടുത്തു.
ഒരു ഘട്ടത്തില്‍ അഞ്ചിന് 62 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ കരകയറ്റിയത് ജോണി ബെയര്‍സ്റ്റോ, മോയിന്‍ അലി എന്നിവര്‍ക്കൊപ്പം അര്‍ധ സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ഒലി പോപ്പിന്റെ ഇന്നിങ്സാണ്.
രണ്ടാം ദിനം ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് ഇന്നിങ്സിനെ ആദ്യം താങ്ങിനിര്‍ത്തിയ ഒലി പോപ്പ് - ജോണി ബെയര്‍സ്റ്റോ കൂട്ടുകെട്ടാണ്. 62 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി ഇരുവരും ആറാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
77 പന്തില്‍ നിന്ന് ഏഴു ഫോറുകള്‍ സഹിതം 37 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
പിന്നാലെ മോയിന്‍ അലിക്കൊപ്പം ഏഴാം വിക്കറ്റില്‍ 71 റണ്‍സും പോപ്പ് കൂട്ടിച്ചേര്‍ത്തു. അലി 71 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 35 റണ്‍സുമായി മടങ്ങി. പിന്നാലെ പോപ്പിനെ ഷാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി.
വാലറ്റത്ത് തകര്‍ത്തടിച്ച ക്രിസ് വോക്സാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്. 60 പന്തുകള്‍ നേരിട്ട വോക്സ് 11 ഫോറുകളടക്കം 50 റണ്‍സെടുത്തു. ഒലി റോബിന്‍സനാണ് (5) പുറത്തായ മറ്റൊരു താരം.
ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ബുംറയും ജഡേജയും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഡേവിഡ് മലാന് (31), നൈറ്റ് വാച്ച്മാന് ക്രെയ്ഗ് ഓവര്ട്ടണ് (1) എന്നിവരെ നഷ്ടമായിരുന്നു. ഉമേഷ് യാദവാണ് ഇരുവരെയും പുറത്താക്കിയത്.
റോറി ബേണ്‍സ് (5), ഹസീബ് ഹമീദ് (0), ക്യാപ്റ്റന്‍ ജോ റൂട്ട് (21) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നേരത്തെ നഷ്ടമായിരുന്നു.
ബേണ്‍സിനെയും ഹമീദിനെയും ബുംറ മടക്കിയപ്പോള്‍ റൂട്ടിനെ ഉമേഷ് യാദവ് പുറത്താക്കി.
Content Highlights: India vs England 4th Test Day 2
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..