അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 205-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയില്‍. ഇംഗ്ലണ്ട് സ്കോറിനേക്കാള്‍ 181 റണ്‍സ് പിന്നിലാണ് ഇന്ത്യ ഇപ്പോള്‍.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ജെയിംസ് അന്‍ഡേഴ്സനാണ് ഗില്ലിനെ മടക്കിയത്.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായിരുന്നു. 55 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ നാലു വിക്കറ്റ് വീഴ്ത്തി. അശ്വിന് മൂന്നു വിക്കറ്റും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുമെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി.
ഡൊമിനിക് സിബ്ലി (2), സാക് ക്രൗളി (9), ക്യാപ്റ്റന്‍ ജോ റൂട്ട് (5) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.
പിന്നാലെ ക്രീസില്‍ ഒന്നിച്ച ജോണി ബെയര്‍സ്റ്റോ - ബെന്‍ സ്റ്റോക്ക്സ് സഖ്യം ഇംഗ്ലണ്ടിനായി നാലാം വിക്കറ്റില്‍ 48 റണ്‍സ് ചേര്‍ത്തു. 28 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീട് സ്റ്റോക്ക്സും ഒലി പോപ്പും ചേര്‍ന്ന് സ്കോര്‍ 121 വരെയെത്തിച്ചു. അര്‍ധ സെഞ്ചുറി നേടിയ സ്റ്റോക്ക്സിനെ (55) പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്ന് ഒലി പോപ്പിനൊപ്പം ഡാനിയല്‍ ലോറന്‍സും ചേര്‍ന്നതോടെ ഇംഗ്ലണ്ട് സ്കോര്‍ 166 വരെയെത്തി. ഈ സമയം 29 റണ്‍സെടുത്ത പോപ്പിനെ അശ്വിന് മടക്കി.
പിന്നാലെ എത്തിയ ബെന്‍ ഫോക്സ് (1) വന്നപാടേ മടങ്ങി. 46 റണ്‍സെടുത്ത ലോറന്‍സിനെ അക്സര്‍ പട്ടേല്‍ തന്നെ മടക്കി. ഡൊമിനിക് ബെസ്സ് (3), ജാക്ക് ലീച്ച് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ജെയിംസ് ആന്ഡേഴ്സന് 10 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇടംനേടി. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും പകരം ഡാന്‍ ലോറന്‍സും ഡോം ബെസ്സും ഇടംനേടി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: India vs England 4th Test Day 1 Live Score