ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 191-നേക്കാള്‍ 138 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്. 

റോറി ബേണ്‍സ് (5), ഹസീബ് ഹമീദ് (0), ക്യാപ്റ്റന്‍ ജോ റൂട്ട് (21) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബേണ്‍സിനെയും ഹമീദിനെയും ബുംറ മടക്കിയപ്പോള്‍ റൂട്ടിനെ ഉമേഷ് യാദവ് പുറത്താക്കി. ഡേവിഡ് മലാനും (26*) ക്രെയ്ഗ് ഓവര്‍ടണുമാണ് (1) ക്രീസില്‍.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 191 റണ്‍സിന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിന്‍സണും ചേര്‍ന്ന് തകര്‍ക്കുകയായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും ഷാര്‍ദുല്‍ താക്കൂറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്.

ഇതില്‍ തന്നെ 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴു ഫോറുമടക്കം 57 റണ്‍സെടുത്ത ഷാര്‍ദുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ 191-ല്‍ എത്തിച്ചത്. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവിനൊപ്പം ഷാര്‍ദുല്‍ കൂട്ടിച്ചേര്‍ത്ത 63 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 

ഇതിനിടെ ടെസ്റ്റില്‍ ഇംഗ്ലണ്ട് മണ്ണിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡും താക്കൂര്‍ സ്വന്തം പേരിലാക്കി. മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബോതം 1986-ല്‍ സ്ഥാപിച്ച റെക്കോഡാണ് താക്കൂര്‍ 35 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ മറികടന്നിരിക്കുന്നത്. അന്ന് 32 പന്തില്‍ നിന്നാണ് ബോതം അര്‍ധ സെഞ്ചുറി നേടിയത്. 31 പന്തിലായിരുന്നു താക്കൂര്‍ 50 തികച്ചത്. 

ക്യാപ്റ്റന്‍ വിരാട് കോലി 96 പന്തില്‍ നിന്ന് എട്ടു ഫോറുകളടക്കം 50 റണ്‍സെടുത്തു. ഒലി റോബിന്‍സനാണ് താരത്തെ പുറത്താക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 23,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ശേഷമാണ് കോലി മടങ്ങിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് കോലി ഇക്കാര്യത്തില്‍ മറികടന്നത്. 490 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. 

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (11), കെ.എല്‍ രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4), രവീന്ദ്ര ജഡേജ (10), അജിങ്ക്യ രഹാനെ (14), ഋഷഭ് പന്ത് (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ഷാര്‍ദുല്‍ താക്കൂറും ടീമിലിടം നേടി. സ്പിന്നര്‍ ആര്‍. അശ്വിന് ഇത്തവണയും ടീമില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. 

ഇംഗ്ലണ്ട് ടീമില്‍ ജോസ് ബട്ട്‌ലര്‍ക്കും സാം കറനും പകരം ഒലി പോപ്പും ക്രിസ് വോക്‌സും ഇടം നേടി.

Content Highlights: India vs England 4th Test Day 1