Photo: AP
ലോര്‍ഡ്സ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തിലെ കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 364 റണ്‍സിനേക്കാള്‍ 245 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റന്‍ ജോ റൂട്ടും (48*), ജോണി ബെയര്‍സ്‌റ്റോയുമാണ് (6*) ക്രീസില്‍.
രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഡൊമിനിക് സിബ്ലി (11), ഹസീബ് ഹമീദ് (0) എന്നിവരെ 23 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായി. 15-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ മുഹമ്മദ് സിറാജാണ് ഇരുവരെയും പുറത്താക്കിയത്.
പിന്നാലെ ക്രീസില്‍ ഒന്നിച്ച റോറി ബേണ്‍സ് - ജോ റൂട്ട് സഖ്യം മൂന്നാം വിക്കറ്റില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 136 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 49 റണ്‍സെടുത്ത ബേണ്‍സിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 364 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ദിനം മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് 364-ല്‍ ഒതുക്കിയത്.
സെഞ്ചുറി നേടിയ കെ.എല്‍ രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 250 പന്തില്‍ നിന്ന് ഒരു സിക്‌സും 12 ഫോറുമടക്കം 129 റണ്‍സെടുത്ത രാഹുലിനെ ഒലെ റോബിന്‍സണ്‍ പുറത്താക്കുകയായിരുന്നു.
രോഹിത് ശര്‍മ 145 പന്തുകള്‍ നേരിട്ട് 83 റണ്‍സെടുത്തു. രോഹിത്തും രാഹുലും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന്റെ നട്ടെല്ല്. 126 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
ക്യാപ്റ്റന്‍ വിരാട് കോലി 103 പന്തുകള്‍ നേരിട്ട് 42 റണ്‍സെടുത്തു.
രണ്ടാം ദിനം മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
സെഞ്ചുറിയുമായി തിളങ്ങിയ കെ.എല്‍ രാഹുലും അജിങ്ക്യ രഹാനെയുമാണ് (1) തുടക്കത്തിലേ പുറത്തായത്.
പിന്നാലെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യം 49 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. 58 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 37 റണ്‍സെടുത്ത പന്തിനെ പുറത്താക്കി മാര്‍ക്ക് വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ മോയിന്‍ അലി മുഹമ്മദ് ഷമിയെ (0) മടക്കി.
രവീന്ദ്ര ജഡേജ 120 പന്തുകള്‍ നേരിട്ട് 40 റണ്‍സെടുത്തു. ജഡേജയെ പുറത്താക്കി മാര്‍ക്ക് വുഡാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഇഷാന്ത് ശര്‍മ (8), ജസ്പ്രീത് ബുംറ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനായി ഒലെ റോണിന്‍സണും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: India vs England 2nd Test, Day 2
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..