
Photo: ANI
ലോര്‍ഡ്സ്: വിജയസാധ്യതയുണ്ടായിരുന്ന ആദ്യ ടെസ്റ്റ് മഴ മുടക്കിയതിന്റെ നിരാശമറന്ന് വിരാട് കോലിയും സംഘവും രണ്ടാമങ്കത്തിനിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച മുതല്‍ ലോര്‍ഡ്സില്‍ നടക്കും. ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം.
ആദ്യടെസ്റ്റില്‍ കളിച്ച ടീമില്‍നിന്ന് കാര്യമായ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ നായകന് വിരാട് കോലി മുതിര്‍ന്നേക്കില്ല. പരിക്കേറ്റ പേസര്‍ ശാര്‍ദ്ദൂല്‍ താക്കൂറിന് പകരം ഇഷാന്ത് ശര്‍മയോ സ്പിന്നര്‍ ആര്. അശ്വിനോ ഇടംപിടിക്കും. നാല് പേസര്‍മാരുമായി കളിക്കാനാണ് തീരുമാനമെങ്കില്‍ ഇഷാന്തിന് നറുക്കുവീഴും. ജസ്പ്രീത് ബുംറ ഫോം വീണ്ടെടുത്തതും മുഹമ്മദ് ഷമി സ്ഥിരതയോടെ പന്തെറിയുന്നതും കോലിക്ക് പ്രതീക്ഷനല്‍കുന്നു.
ആദ്യടെസ്റ്റില്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെങ്കിലും ബാറ്റിങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ശാരീരികക്ഷമത വീണ്ടെടുത്തെങ്കിലും അവസരം ലഭിക്കില്ല. ലോകേഷ് രാഹുലിന് കഴിഞ്ഞ കളിയിലെ മികച്ച പ്രകടനമാണ് തുണയാകുന്നത്. രോഹിത് ശര്‍മയ്ക്കൊപ്പം രാഹുല്‍ ഇന്നിങ്സിന് തുടക്കമിടും. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് മത്സരം നിര്‍ണായകമാണ്. മികച്ച ഇന്നിങ്സുകള്‍ കണ്ടെത്തിയില്ലെങ്കില്‍ ടീമില്‍ പിടിച്ചുനില്‍ക്കല്‍ പ്രയാസമാകും. നായകന് വിരാട് കോലിക്കും ബാറ്റിങ് ഫോം വീണ്ടെടുക്കേണ്ടതുണ്ട്. ബൗളിങ്ങില്‍ തിളങ്ങിയില്ലെങ്കിലും ബാറ്റിങ് കരുത്തുകൊണ്ട് രവീന്ദ്ര ജഡേജ സ്ഥാനം നിലനിര്‍ത്തും.
ഇംഗ്ലണ്ടിനും ബാറ്റിങ്ങില്‍ പ്രശ്നങ്ങളുണ്ട്. നായകന് റൂട്ടിനെ ടീം അമിതമായി ആശ്രയിക്കുന്നുണ്ട്. രണ്ടാമിന്നിങ്സില്‍ റൂട്ട് പൊരുതിനേടിയ സെഞ്ചുറിയാണ് ടീമിനെ രക്ഷിച്ചത്. ഓപ്പണര്‍ റോറി ബേണ്‍സിന് പകരം ഹസീബ് ഹമീദിനെ പരീക്ഷിക്കാനിടയുണ്ട്. പരിക്കേറ്റ പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പകരം ഷാക്കിബ് മഹ്മൂദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെറ്ററന്‍ താരം ജെയിംസ് ആന്‍ഡേഴ്സനും ഒലി റോബിന്‍സനും ആദ്യമത്സരത്തില്‍ തിളങ്ങിയത് ടീം മാനേജ്മെന്റിന് ആത്മവിശ്വാസം പകരുന്നതാണ്.
Content Highlights: India vs England 2nd Test day 1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..