ലോര്‍ഡ്‌സ്:  ഇടക്കിടെ മഴ രസംകൊല്ലിയായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കുമേല്‍ ഇംഗ്ലീഷ് ആധിപത്യം. മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 8.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സെന്ന നിലയിലാണ്. 

ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ചേതേശ്വര്‍ പൂജാര റണ്‍ഔട്ടാകുകയായിരുന്നു. കളി തുടങ്ങി അഞ്ചാം പന്തില്‍ തന്നെ ഇന്ത്യക്ക് മുരളി വിജയിയെ നഷ്ടപ്പെട്ടു. അഞ്ച് പന്ത് നേരിട്ട വിജയിയെ അക്കൗണ്ട് തുറക്കും മുമ്പ് ആന്‍ഡേഴ്‌സണ്‍ ക്ലീന്‍ ബൗള്‍ഡാക്കി.

പിന്നീട് എട്ടു റണ്‍സെടുത്ത കെ.എല്‍ രാഹുലും പുറത്തായി. ആന്‍ഡേഴ്‌സണ്‍ന്റെ പന്തില്‍ രാഹുലിനെ ബെയര്‍‌സ്റ്റോ ക്യാച്ചെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മഴ പെയ്തതോടെ മത്സരം നിര്‍ത്തിവെച്ചു. 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷടത്തില്‍ 11 റണ്‍സെന്ന നിലയിലാരുന്നു ആ സമയത്ത് ഇന്ത്യ.

മഴ മാറിയതോടെ വീണ്ടും കളി തുടങ്ങി. രണ്ട് ഓവര്‍ എറിയുമ്പോഴേക്കും വീണ്ടും മഴയെത്തി. പക്ഷേ അതിനിടയില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. അരങ്ങേറ്റ താരം ഒളിവര്‍ പോപ്പ് പൂജാരയെ റണ്‍ഔട്ടാക്കുകയായിരുന്നു.  25 പന്തില്‍ നിന്ന് ഒരു റണ്ണായിരുന്നു പൂജാരയുടെ സമ്പാദ്യം. 

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ കളി മഴമൂലം ഉപേക്ഷിച്ചിരുന്നു. ടോസ് ഇടാന്‍പോലും കഴിയാതെയാണ് ആദ്യ ദിനത്തെ കളി ഉപേക്ഷിച്ചത്.

രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നത്. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പൂജാര ടീമിലെത്തി. രണ്ടു സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍. അശ്വിനൊപ്പം ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവും ടീമില്‍ ഇടംപിടിച്ചു. പകരം ഉമേഷ് യാദവ് പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ ഒളിവര്‍ പോപ്പ് ഇന്ന് അരങ്ങേറ്റം കുറിച്ചു. ബെന്‍ സ്റ്റോക്‌സിനു പകരം ക്രിസ് വോക്‌സ് സ്ഥാനം പിടിച്ചു.

ടീം:
ഇന്ത്യ  മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ

ഇംഗ്ലണ്ട്  അലസ്റ്റയര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട് ജോണി ബെയര്‍‌സ്റ്റോ, ജോസ് ബട്‌ലര്‍, ഒളിവര്‍ പോപ്പ്,  ആദില്‍ റഷീദ്, സാം കറന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്

Content Highlights: india vs england 2nd test