Photo: twitter.com/ICC
എജ്ബാസ്റ്റണ്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. 49 റണ്‍സ് ജയത്തോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (2-0). നായകന് രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14-ാം ട്വന്റി 20 വിജയം കൂടിയാണിത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ട്വന്റി 20 പരമ്പര ജയവും.
ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ഔട്ടായി. ശേഷിക്കുന്ന മത്സരം ഞായറാഴ്ച ട്രെന്‍ഡ് ബ്രിഡ്ജില്‍ നടക്കും. കണിശതയോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ പന്തില്‍ തന്നെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണര്‍ ജേസണ്‍ റോയിയെ (0) ഭുവനേശ്വര്‍ കുമാര്‍ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചു. പിന്നാലെ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്ലറെയും (4) മടക്കിയ ഭുവി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.
തുടര്‍ന്ന് ക്രീസിലെത്തിയപാടെ തകര്‍ത്തടിച്ച് തുടങ്ങിയ ലിയാം ലിവിങ്സ്റ്റന്റെ ഈഴമായിരുന്നു. ജസ്പ്രീത് ബുംറയുടെ ഓഫ്കട്ടറില്‍ മറുപടിയില്ലാതായിപ്പോയ ലിവിങ്സ്റ്റന്റെ വിക്കറ്റുമായി പന്ത് പറന്നു. ഒമ്പത് പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 15 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ശേഷം കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഹാരി ബ്രൂക്കിനെ (8) യുസ്വേന്ദ്ര ചാഹല്‍, സൂര്യകുമാര്‍ യാദവിന്റെ കൈയിലെത്തിച്ചു. പത്താം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മലാനെയും ചാഹല്‍ മടക്കിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 55 എന്ന നിലയിലേക്ക് വീണു. 25 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് മലാന് നേടാനായത്.
21 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്ത മോയിന്‍ അലി ഒറ്റയ്ക്ക് പൊരുതി നോക്കിയെങ്കിലും 15-ാം ഓവറില്‍ അലിയെ മടക്കി ഹാര്‍ദിക് ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും ഇല്ലാതാക്കി. 22 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ഡേവിഡ് വില്ലി പുറത്താകാതെ നിന്നു. സാം കറന് (2), ക്രിസ് ജോര്‍ദാന്‍ (1), റിച്ചാര്‍ഡ് ഗ്ലീസണ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ബുംറ, ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തിരുന്നു. 29 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ടീമിലെ പരീക്ഷണം തുടര്‍ന്നാണ് രണ്ടാം മത്സരത്തിലും ഇന്ത്യ കളത്തിലിറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഇത്തവണ ഓപ്പണറായെത്തിയത് ഋഷഭ് പന്ത്. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കം തന്നെ ടീമിന് സമ്മാനിച്ചു. 29 പന്തില്‍ നിന്ന് 49 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 20 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 31 റണ്‍സെടുത്ത രോഹിത്തിനെ മടക്കി റിച്ചാര്‍ഡ് ഗ്ലീസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ കോലി ഇത്തവണയും നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമെടുത്ത കോലി, ഗ്ലീസന്റെ പന്തില്‍ ഡേവിഡ് മലാന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായത്. എന്നാല്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്ന ഋഷഭ് പന്ത് ഗ്ലീസന്റെ തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. 15 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 26 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.
അധികം വൈകാതെ സൂര്യകുമാര്‍ യാദവിനെയും ഹാര്‍ദിക് പാണ്ഡ്യയേയും മടക്കി ക്രിസ് ജോര്‍ദാന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 11 പന്തില്‍ നിന്ന് 15 റണ്‍സെടുത്താണ് സൂര്യകുമാര്‍ മടങ്ങിയത്. പിന്നാലെ 15 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത് ഹാര്‍ദിക്കും മടങ്ങിയതോടെ ഒരു ഘട്ടത്തില്‍ 4.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ, 10.4 ഓവറില്‍ അഞ്ചിന് 89 റണ്‍സെന്ന നിലയിലേക്ക് വീണു.
പിന്നാലെ ദിനേഷ് കാര്‍ത്തിക്കും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെ 16-ാം ഓവറില്‍ കാര്‍ത്തിക്ക് റണ്ണൗട്ടായി. 17 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമാണ് കാര്‍ത്തിക്കിന് നേടാനായത്. ഹര്‍ഷല്‍ പട്ടേല്‍ (13), ഭുവനേശ്വര്‍ കുമാര്‍ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ നാലും റിച്ചാര്‍ഡ് ഗ്ലീസണ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍. ഇഷാന് കിഷന്, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ട് ടീമില്‍ ടോപ്ലെ, മില്‍സ് എന്നിവര്‍ക്ക് പകരം ഡേവിഡ് വില്ലി, റിച്ചാര്‍ഡ് ഗ്ലീസണ് എന്നിവര്‍ ഇടംനേടി.
Updating ...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..