Photo: twitter.com|ICC
ചെന്നൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍. 12 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നാലാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ശുഭ്മാന്‍ ഗില്‍ (15*), ചേതേശ്വര്‍ പൂജാര (12*) എന്നിവരാണ് ക്രീസില്‍. ഒരു ദിവസം ബാക്കിനില്‍ക്കേ വിജയത്തിലേക്ക് ഇന്ത്യയ്ക്ക് ഇനിയും 381 റണ്‍സ് കൂടി വേണം.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 178 റണ്‍സില്‍ അവസാനിച്ചിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഷഹബാസ് നദീം രണ്ടു വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ (0) രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചിരുന്നു. ഡൊമിനിക് സിബ്ലി (16), ഡാനിയല്‍ ലോറന്‍സ് (18), ബെന്‍ സ്റ്റോക്ക്സ് (7), ഒലി പോപ്പ് (28), ജോസ് ബട്ട്‌ലര്‍ (24), ഡൊമിനിക് ബെസ്സ് (25), ജോഫ്ര ആര്‍ച്ചര്‍ (5), ആന്‍ഡേഴ്‌സന്‍ (0) എന്നിവരാണ് പുറത്തായ താരങ്ങള്‍.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്തായിരുന്നു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സാധിക്കാതെയാണ് ഇന്ത്യന്‍ സംഘം കൂടാരം കയറിയത്.
എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ 241 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി 138 പന്തില്‍ നിന്ന് രണ്ടു സിക്‌സും 12 ഫോറുമടക്കം 85 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നു.
ആറിന് 257 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് രംഭിച്ച ഇന്ത്യയ്ക്ക് സ്‌കോര്‍ 305-ല്‍ എത്തിയപ്പോള്‍ അശ്വിനെ നഷ്ടമായി. 91 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്ത താരത്തെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്.
ഏഴാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിനൊപ്പം 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അശ്വിന്‍ മടങ്ങിയത്. പിന്നാലെ ഷഹ്ബാസ് നദീമിനെ അക്കൗണ്ട് തുറക്കും മുമ്പ് ജാക്ക് ലീച്ച് മടക്കി.
നാലു റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആന്‍ഡേഴ്‌സന്‍ ഒലി പോപ്പിന്റെ കൈകളിലെത്തിച്ചു. ജസ്പ്രീത് ബുംറയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ സ്റ്റോക്ക്‌സ് മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് അവസാനമായി.
നാലു വിക്കറ്റ് വീഴ്ത്തിയ ഡൊമിനിക് ബെസ്സാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജാക്ക് ലീച്ച് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര - ഋഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഋഷഭ് പന്തിനെയും ബെസ്സ് മടക്കി. 88 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 91 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം.
നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായിരുന്നു.
പിന്നാലെ കാര്യമായ സംഭവനകളില്ലാതെ ക്യാപ്റ്റന്‍ വിരാട് കോലിയും മടങ്ങി. 48 പന്തില്‍ നിന്ന് 11 റണ്‍സെടുത്താണ് കോലി പുറത്തായത്.
പിന്നാലെയെത്തിയ അജിങ്ക്യ രാഹനെയെ (1) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: India vs England 1st Test Day 4 Live Score India Look To Avoid Follow-On
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..