മാഞ്ചെസ്റ്റര്‍: ബൗളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലര്‍ത്തി ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടി-ട്വിന്റി മത്സരത്തില്‍  ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സ് എന്ന വിജയലക്ഷ്യം പത്തു പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ലോകേഷ് രാഹുലിന്റെയും (54 പന്തില്‍ 101) അഞ്ചു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെയും മികവിലാണ് ഇന്ത്യയുടെ ആധികാരിക ജയം. സ്‌കോര്‍; ഇംഗ്ലണ്ട് - 20 ഓവറില്‍ 159/8. ഇന്ത്യ - 18.2 ഓവറില്‍ 163/2. 

160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ (നാല് പന്തില്‍ അഞ്ച്) തുടക്കത്തില്‍ തന്നെ നഷ്മായെങ്കിലും രണ്ടാം വിക്കറ്റില്‍ ലോകേഷ് രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് 123 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിന് മികച്ച അടിത്തറ നല്‍കി. 30 പന്തില്‍ 32 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. പിന്നീടെത്തിയ കോലിക്കൊപ്പം രാഹുല്‍ അനായാസമായി ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. 22 പന്തില്‍ 20 റണ്‍സോടെ ക്യാപ്റ്റന്‍ കോലി പുറത്താകാതെ നിന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ അര്‍ധസെഞ്ചുറി നേടിയ ബട്​ലറാണ് (46 പന്തില്‍ 69 റണ്‍സ്) ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ 13 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ സ്പിന്‍ കുഴിയില്‍ വീഴ്ത്തി കുല്‍ദീപ് യാദവാണ് 160 റണ്‍സിനുള്ളില്‍ ഒതുക്കിയത്. നാല് ഓവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി കുല്‍ദീപ് അഞ്ചു വിക്കറ്റുകള്‍ പിഴുതെടുത്തു. ഉമേഷ് യാദവ് രണ്ടും ഹര്‍ദിക്ക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടിട്വിന്റി പരമ്പരയില്‍ 1-0 ത്തിന് ഇന്ത്യ മുന്നിലെത്തി.

Content Highlights: India vs England 1st T20I: India Win Toss, Elect To Bowl vs England