പെര്‍ത്ത്: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ദുര്‍ബലരായ ബംഗ്ലാദേശിനെ 18 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. 143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 17 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സ്പിന്‍ ബൗളര്‍ പൂനം യാദവിന് മുന്നില്‍ ബംഗ്ലാ താരങ്ങള്‍ കീഴടങ്ങുകയായിരുന്നു. രണ്ടു വിക്കറ്റുമായി അരുന്ധതി റെഡ്ഡി പൂനത്തിന് പിന്തുണ നല്‍കി. 35 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. 39 റണ്‍സെടുത്ത പതിനാറുകാരി ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 

Shafali Verma
ഷഫാലിയുടെ ബാറ്റിങ്‌   Photo Courtesy: ICC

16 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയപ്പോഴേക്കും ഇന്ത്യക്ക് ടാനിയ ഭാട്ടിയയെ (2) നഷ്ടപ്പെട്ടു. പിന്നീട് ഷഫാലി വര്‍മയും ജെമീമ റോഡ്രഗിസും ഇന്നിങ്സ് മുന്നോട്ടു നയിച്ചു. ഇരുവരും 37 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 17 പന്തില്‍ രണ്ടു ഫോറും നാല് സിക്സും സഹിതം ഷഫാലി 39 റണ്‍സ് അടിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എട്ടു റണ്‍സുമായി പുറത്തായി.

ജെമീമ 37 പന്തില്‍ 34 റണ്‍സെടുത്തു. ദീപ്തി ശര്‍മ 11 റണ്‍സെടുത്ത് റണ്‍ഔട്ടായപ്പോള്‍ 14 റണ്‍സായിരുന്നു റിച്ചാ ഘോഷിന്റെ സംഭാവന. പനിയെത്തുടര്‍ന്ന് വിട്ടുനിന്ന സ്മൃതി മന്ദാനക്ക് പകരമായാണ് റിച്ച ടീമില്‍ ഇടം നേടിയത്.

11 പന്തില്‍ നാല് ഫോറിന്റെ സഹായത്തോടെ 20 റണ്‍സോടെ വേദ കൃഷ്ണമൂര്‍ത്തി പുറത്താകാതെ നിന്നു. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ഏഴു റണ്‍സോടെ ശിഖ പാണ്ഡെ ആയിരുന്നു വേദയ്ക്കൊപ്പം ക്രീസില്‍.  സല്‍മ ഖാതൂമും പന്ന ഘോഷും ബംഗ്ലാദേശിനായി രണ്ടു വിക്കറ്റ് വീഴ്ത്തി.

Content Highlights: India vs Bangladesh Women's T20 World Cup Cricket