കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറി മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. പരമ്പരയില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന രോഹിത് ശര്‍മ്മ 61 പന്തുകള്‍ നേരിട്ട്  89 റണ്‍സാണ് അടിച്ചെടുത്തത്. നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 176 റണ്‍സിലെത്തിയത്. 

ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ധവാനും ചേര്‍ന്ന്‌ 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 27 പന്തില്‍ 35 റണ്‍സെടുത്ത ധവാന്‍ ഹുസൈന്റെ പന്തില്‍ പുറത്താകുകയായിരുന്നു. പിന്നീടെത്തിയ റെയ്‌നയും ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. ഇരുവരും രണ്ടാം വിക്കറ്റില്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 30 പന്തുകള്‍ നേരിട്ട്‌ 47 റണ്‍സെടുത്ത റെയ്‌ന ഹുസൈന്റെ പന്തില്‍ സര്‍ക്കാറിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. രണ്ടു റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്‌ പുറത്താകെ നിന്നു.  

ബംഗ്ലാദേശിനായി ഹുസൈന്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി. ജയദേവ് ഉനത്കഠിന് പകരം മുഹമ്മദ് സിറാജിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ടൂര്‍ണമെന്റിലെ ഉദ്ഘാടനമത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ ഇന്ത്യ തുടര്‍ന്നുള്ള രണ്ടു കളികളും ജയിച്ച് ഏറക്കുറെ ഫൈനല്‍ ഉറപ്പിച്ചനിലയിലാണ്. ഇന്ന് ബംഗ്ലാദേശിനെ തോല്പിച്ചാല്‍ മൂന്ന് തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം. 

Content Highlights: India vs Bangladesh Tri Series Cricket