ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ചേതേശ്വർ പൂജാരയും ശ്രേയസ് അയ്യരും | Photo: AP
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ 41 റണ്‍സ് എത്തിയപ്പോഴേക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 20 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ തൈജുല്‍ ഇസ്ലാം പുറത്താക്കി. നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ 22 റണ്‍സോടെ കെഎല്‍ രാഹുലും ക്രീസ് വിട്ടു. ഖാലിദ് അഹമ്മദിനാണ് വിക്കറ്റ്. അഞ്ച് പന്ത് നേരിട്ട് ഒരു റണ്‍സെടുത്ത വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നില്ല. കോലിയെ തൈജുല്‍ ഇസ്ലാം തിരിച്ചയച്ചു. ഇതോടെ മൂന്ന് വിക്കറ്റിന് 48 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു.
പിന്നീട് നാലാം വിക്കറ്റില്‍ ഋഷഭ് പന്തും ചേതേശ്വര്‍ പൂജാരയും ഒത്തുചേര്‍ന്നു. ഇരുവരും നാലാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഋഷഭ് പന്ത് 45 പന്തില്‍ ആറു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് കണ്ടെത്തി.
പിന്നീട് ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് പൂജാര ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 149 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൂജാരയെ തൈജുല്‍ ഇസ്ലാം തിരിച്ചയച്ചതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു. പുറത്താകുമ്പോള്‍ 203 പന്ത് നേരിട്ട് 11 ഫോറുകളുടെ സഹായത്തോടെ പൂജാര 90 റണ്‍സ് നേടിയിരുന്നു.
അടുത്തത് അക്‌സര്‍ പട്ടേലിന്റെ ഊഴമായിരുന്നു. ആദ്യ ദിനത്തിലെ അവസാന പന്തില്‍ അക്‌സര്‍ (26 പന്തില്‍ 14) ക്രീസ് വിട്ടു. 169 പന്തില്‍ 10 ഫോറുകള്‍ ഉള്‍പ്പെടെ 82 റണ്‍സുമായി ശ്രേയസ് അയ്യര്‍ ക്രീസിലുണ്ട്.
ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാം മൂന്നും മെഹ്ദി ഹസ്സന്‍ രണ്ടും വിക്കറ്റെടുത്തു. ഒരു വിക്കറ്റ് ഖാലിദ് അഹമ്മദും വീഴ്ത്തി. നേരത്തെ ബംഗ്ലാദേശ് ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു.
Content Highlights: india vs bangladesh test cricket pujara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..