തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്താനായത് ഈശ്വരാനുഗ്രഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമെന്ന് മലയാളിതാരം സഞ്ജു വി. സാംസണ്‍. 

''നാലുവര്‍ഷമായി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളി കാത്തിരിക്കുകയായിരുന്നു. സീസണില്‍ ഇന്ത്യന്‍ 'എ' ടീമിനും കേരളത്തിനുമായി നന്നായി കളിക്കാനായി. അതിന്റെ ഫലമാണിത്'' - സഞ്ജു അഭിപ്രായപ്പെട്ടു. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടശേഷം തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെത്തിയ സഞ്ജു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

''19-ാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ കയറിയിരുന്നു. ഒരു കളിയില്‍ ബാറ്റ് ചെയ്തു. പിന്നീട് അവസരം കിട്ടിയില്ല. ടീമിലില്ലാതിരുന്നപ്പോള്‍ ഏറെ കാര്യങ്ങള്‍ പഠിക്കാനായി. ഏതു ഫോര്‍മാറ്റായാലും അടിച്ചുകളിക്കുന്നതാണ് ഇഷ്ടം. ആ സ്‌റ്റൈലില്‍ കളിക്കാന്‍ തീരുമാനിച്ചതോടെയാണ് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചത്. ഐ.പി.എല്ലിനും തിരുവനന്തപുരത്ത് ഇന്ത്യ എ ടീമിനായും വിജയ് ഹസാരയില്‍ ഗോവയ്‌ക്കെതിരെയും നല്ല സ്‌കോര്‍ കണ്ടെത്തിയതോടെ ദേശീയ ടീമിലെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.

വണ്‍ ഡൗണ്‍ മുതല്‍ ഫൈവ് ഡൗണ്‍ വരെ ഏതു പൊസിഷനിലും കളിക്കാന്‍ തയ്യാറാണ്. ടോപ് ഓര്‍ഡറില്‍ സ്ഥാനം കിട്ടുമെന്നാണ് കരുതുന്നത്. അവസരം ഉപയോഗപ്പെടുത്തി വരുന്ന ലോകകപ്പ് ടീമില്‍ സ്ഥാനം കണ്ടെത്തുകയാണ് ലക്ഷ്യം'' -സഞ്ജു പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷനും ബി.സി.സി.ഐ. ജോയന്റ് സെക്രട്ടറി ജയേഷ് ജോര്‍ജും നല്ല പിന്തുണ നല്‍കിയെന്നും സഞ്ജു പറഞ്ഞു.

മുഖ്യമന്ത്രി അഭിനന്ദിച്ചു

ഇന്ത്യന്‍ ടീമിലെത്തിയ സഞ്ജു സാംസണെ മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി ഇ.പി. ജയരാജനും അഭിനന്ദിച്ചു. സഞ്ജുവിന്റെ നേട്ടം കേരളത്തിലെ കായികതാരങ്ങള്‍ക്ക് പ്രചോദനമാണെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Content Highlights: India vs Bangladesh Sanju Samson reaction after team call