കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സിലെ ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് ഇന്നിങ്‌സ് വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടം ഇനി ഇന്ത്യക്ക് സ്വന്തം. ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 46 റണ്‍സിനും തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. 

പുണെയില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 137 റണ്‍സിനും തോല്‍പ്പിച്ച ഇന്ത്യ പിന്നീട് തുടര്‍ച്ചയായ മൂന്നു ടെസ്റ്റിലും ഈ ഇന്നിങ്‌സ് വിജയം ആവര്‍ത്തിച്ചു. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്നിങ്‌സിനും 202 റണ്‍സിനും വിജയം, ഇന്‍ഡോറില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ഇന്നിങ്‌സിനും 130 റണ്‍സിനും. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ ഇന്നിങ്‌സിനും 46 റണ്‍സിനും വിജയം. ഇതോടെ ഇന്ത്യ റെക്കോഡ് പുസ്തകത്തിലെത്തി. 

അതു മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയം കൂടിയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ എം.എസ് ധോനിയുടെ  പേരിലുണ്ടായിരുന്ന റെക്കോഡ് വിരാട് കോലി മറികടന്നു. തുടര്‍ച്ചയായി ഏഴ് ടെസ്റ്റുകളില്‍ വിജയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. 2013-ല്‍ തുടര്‍ച്ചയായി ആറു ടെസ്റ്റില്‍ വിജയിച്ചാണ് ധോനി റെക്കോഡിട്ടിരുന്നത്. 

ഒപ്പം ബംഗ്ലാദേശിനെതിരായ വിജയത്തില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്പിന്‍ ബൗളര്‍മാര്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താതെ ഇന്ത്യ നേടുന്ന രണ്ടാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. 2018-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇതിന് മുമ്പ് ഇങ്ങനെയൊരു വിജയം നേടിയത്.

ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര വിജയം, ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ 12-ാം ടെസ്റ്റ് പരമ്പര വിജയം എന്നീ റെക്കോഡുകളും കോലിയും സംഘവും പിങ്ക് ടെസ്റ്റില്‍ പിന്നിട്ടു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ഏഴു മത്സരങ്ങളും വിജയിച്ച ഇന്ത്യയുടെ അക്കൗണ്ടില്‍ ഇതുവരെ 360 പോയിന്റായി.

 

Content Highlights: India vs Bangladesh Pink Ball Test Records Virat Kohli