കൊല്‍ക്കത്ത: ഇന്ത്യന്‍ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന മികച്ച നിലയിലാണ് ടീം ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 68 റണ്‍സ് ലീഡായി.

ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും (14) രോഹിത് ശര്‍മയും (21) പുറത്തായ ശേഷം ഒത്തു ചേര്‍ന്ന വിരാട് കോലി - ചേതേശ്വര്‍ പൂജാര കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 94 റണ്‍സ് ചേര്‍ത്തു. പൂജാര അര്‍ധ സെഞ്ചുറി (55) നേടി പുറത്തായപ്പോള്‍ വിരാട് കോലി (59*) അര്‍ധ സെഞ്ചുറിയുമായി ക്രീസിലുണ്ട്. 23 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് കോലിക്ക് കൂട്ട്. ബംഗ്ലാദേശിനായി എബാദത്ത് ഹുസൈന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

india vs bangaldesh
ചിത്രം: മുരളി കൃഷ്ണന്‍

അതേസമയം വ്യക്തിഗത സ്‌കോര്‍ 32-ല്‍ എത്തിയപ്പോള്‍ വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവും ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരവും കോലിയാണ്. 

നേരത്തെ ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 106 റണ്‍സിന് അവസാനിച്ചിരുന്നു.

കൂട്ടത്തകര്‍ച്ച നേരിട്ട ബംഗ്ലാദേശിന് 30.3 ഓവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായത്. പിങ്ക് പന്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും വീഴ്ത്തി.

ഷദ്മാന്‍ ഇസ്ലാം (29), ലിട്ടണ്‍ ദാസ് (24 റിട്ടയേര്‍ഡ് ഹര്‍ട്ട്), നയീം ഹസ്സന്‍ (19) എന്നിവര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കണ്ടത്. ഇഷാന്തിന്റെ പന്ത് ഹെല്‍മറ്റിലിടിച്ച് മടങ്ങിയ ലിട്ടണ്‍ ദാസിനു പകരം മെഹ്ദി ഹസന്‍ ബാറ്റിങ്ങിനിറങ്ങി. 

india vs bangaldesh
ചിത്രം: മുരളി കൃഷ്ണന്‍

ഇമ്രുള്‍ കയെസ് (4), ക്യാപ്റ്റന്‍ മോമിനുള്‍ ഹഖ് (0), മുഹമ്മദ് മിഥുന്‍ (0), മുഷ്ഫിഖുര്‍ റഹീം (0), മഹ്മദുള്ള (6), എബാദത്ത് ഹുസൈന്‍ (1), അബു ജായെദ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ വിക്കറ്റ് ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയ്ക്കായിരുന്നു. ഏഴാം ഓവറില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ഇമ്രുള്‍ കയെസിനെയാണ് (4) ഇഷാന്ത് പുറത്താക്കിയത്.

നേരത്തെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പിങ്ക് പന്തിന്റെ പേസും വേരിയേഷനും മനസിലാക്കുന്നതില്‍ ബംഗ്ലാ താരങ്ങള്‍ വിറയ്ക്കുന്ന കാഴ്ചയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. 

നാട്ടില്‍ തുടര്‍ച്ചയായ 12-ാം ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ പേസര്‍മാരുടെ മിന്നുന്ന ഫോം കണക്കിലെടുത്താല്‍ ആ നേട്ടം അത്ര വൈകാന്‍ സാധ്യതയില്ല.

Content Highlights: India vs Bangladesh, Pink Ball Test