ഇന്ദോര്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയമായ ബാറ്റിങ് തകർച്ച നേരിട്ട് ബംഗ്ലാദേശ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദർശകർ ഒന്നാം ദിനം തന്നെ ഓൾഔട്ടായി. ഇന്ത്യൻ ബൗളർമാരെ നേരിട്ട് തകർന്ന ബംഗ്ലാദേശിന് 58.3 ഓവറിൽ 150 റൺസ് മാത്രമാണ് നേടാനായത്.

മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്ത് നിൽക്കുകയാണ്. ഒൻപത് വിക്കറ്റ് കൈവശമുള്ള ഇന്ത്യയ്ക്ക് ബംഗ്ലാദേശ് സ്കോറിനേക്കാൾ 64 റൺസ് മാത്രമാണ് പിറകിൽ.

14 പന്തിൽ നിന്ന് ആറു റൺസ് മാത്രമെടുത്ത രോഹിത് ശർമയാണ് പുറത്തായത്. അബു ജായെദിനാണ് വിക്കറ്റ്. ടീം സ്കോർ 14ൽ നിൽക്കെയാണ് രോഹിത് പുറത്തായത്. 81 പന്തിൽ നിന്ന് 37 റൺസെടുത്ത മായങ്ക് അഗർവാളും 61 പന്തിൽ നിന്ന് 43 റൺസെടുത്ത ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. 18.4 ഓവർ ഒന്നിച്ച് ക്രീസിൽ നിന്ന ഇവർ ഇതുവരെയായി 72 റൺസ് നേടിയിട്ടുണ്ട്.

മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍. അശ്വിന്‍ എന്നിവരാണ് സന്ദര്‍ശകരെ തകര്‍ത്തത്. 

43 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോമിനുല്‍ ഹഖും മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുള്‍ കൈസ് (6), മുഹമ്മദ് മിഥുന്‍ (13), ലിട്ടണ്‍ ദാസ് (21), മഹ്മദുള്ള (10), മെഹ്ദി ഹസന്‍ (0), തൈജുള്‍ ഇസ്ലാം (1), ഇബാദത്ത് ഹുസൈന്‍ (2) എന്നിവരാണ് പുറത്തായ താരങ്ങള്‍. 

Content Highlights: India vs Bangladesh Indore Test day 1