കൊല്‍ക്കത്ത: ക്രിക്കറ്റിന്റെ ഏദന്‍തോട്ടത്തില്‍ പിങ്ക് നിറത്തിലുള്ള ഒരു കനിയുടെ വിളവെടുപ്പാണ് വെള്ളിയാഴ്ച. ദുര്‍ബലരായ അയല്‍ക്കാര്‍പോലും ആവേശത്തോടെ കഴിച്ചിരുന്ന ഈ കനി ഇതുവരെ ഇന്ത്യന്‍ ക്രിക്കറ്റിന് വിലക്കപ്പെട്ടിരുന്നു. ക്രിക്കറ്റ് ഭരണത്തിന്റെ തലപ്പത്ത് സൗരവ് ഗാംഗുലി എന്ന തോട്ടക്കാരന്‍ വന്നതോടെ തടസ്സങ്ങള്‍ നീങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും ഇനി പിങ്ക് പടരും.

ഇന്ത്യയും ബംഗ്ലാദേശും ഇതാദ്യമായി പങ്കെടുക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കും. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മത്സരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് കളി തുടങ്ങുക. സിംബാബ്വെയുള്‍പ്പെടെ ലോകത്തെ മിക്കവാറും ടീമുകളും ഡേ-നൈറ്റ് ടെസ്റ്റുകള്‍ കളിച്ചിട്ടും ഇന്ത്യയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഗാംഗുലി വന്നതോടെയാണ് കഥ മാറിയത്. ലാസ്റ്റ് ബെഞ്ചുകാരനും ക്ലാസില്‍ കയറിയശേഷം വൈകിയെത്തുന്ന ഒന്നാം റാങ്കുകാരന്റെ അവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യ. ഡി.ആര്‍.എസ്. എന്ന തിരുത്തല്‍വാദത്തോടും ഇന്ത്യയ്ക്ക് ആദ്യം എതിര്‍പ്പായിരുന്നു. ധോനി പിന്നീട് ഇന്ത്യയുടെ ഏറ്റവും മികച്ച 'തിരുത്തല്‍വാദി'യായി.

India vs Bangladesh Day-Night Test
Image Courtesy: BCCI

എന്തുകൊണ്ട് പിങ്ക്?

ടെസ്റ്റില്‍ ഉപയോഗിക്കുന്ന ചുവന്ന പന്തുകള്‍ക്ക് പകരം പകല്‍-രാത്രി മത്സരത്തിന് പിങ്കുപയോഗിക്കുന്നതിന് പ്രധാന കാരണം വിസിബിലിറ്റി (കാഴ്ചക്ഷമത)യാണ്. ചുവന്ന പന്തുകളുടെ സീം വെളുത്ത തുന്നലിലാണ്. പിങ്കിന്റേത് കറുത്തതും. സന്ധ്യാനേരത്തും ഫ്‌ളഡ്ലിറ്റിലും ചുവന്ന പന്തുകള്‍ ബ്രൗണ്‍ ആയി തോന്നാം. പിച്ചിന്റെ നിറവുമായി ഇതിന് സാമ്യമുള്ളതിനാല്‍ കാഴ്ച പ്രശ്‌നമുണ്ടാകും. വെള്ളപ്പന്തും പറ്റില്ല. ഇവ പെട്ടെന്ന് മൃദുവാകും. അതിനാലാണ് ഏകദിന മത്സരങ്ങളില്‍ ഇപ്പോള്‍ രണ്ടു പന്തുകള്‍ ഉപയോഗിക്കുന്നത്. ടെസ്റ്റില്‍ അതു സാധിക്കില്ല. അതാണ് പിങ്കിന് കാരണം.

പന്തിന്റെ സ്വഭാവം

ഇതുവരെനടന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില്‍ കൂക്കബുറ കമ്പനിയുടെ പന്താണ് ഉപയോഗിച്ചത്. ബി.സി.സി.ഐ.യുടെ ബോള്‍ പാര്‍ട്ണര്‍ എസ്.ജി.യായതിനാല്‍ അവരുടെ പന്താണ് ഇവിടെ ഉപയോഗിക്കുന്നത്. കൂക്കബുറ പന്തിന്റെ സീം പരന്നതാണെങ്കില്‍ കൈകൊണ്ട് തുന്നുന്ന എസ്.ജി.യുടെ സീം കുറച്ചുകൂടി ഉയര്‍ന്നതാണ്. ലാറ്ററല്‍ മൂവ്മെന്റിന് ഇത് സഹായിക്കും. സ്പിന്നര്‍മാര്‍ക്ക് നല്ല ഗ്രിപ്പ് കിട്ടും. റിവേഴ്സ് സ്വിങ് കിട്ടുന്നതിനായി പന്തിന്റെ ഒരുവശം മിനുസമുള്ളതാക്കി സൂക്ഷിക്കാറുണ്ട് ബൗളര്‍മാര്‍. ഇത് പിങ്ക് പന്തില്‍ എത്രത്തോളം സാധ്യമാകുമെന്ന് വ്യക്തമല്ല. പന്തിന്റെ നിറം പരമാവധി നിലനിര്‍ത്താന്‍ ഔട്ട്ഫീല്‍ഡില്‍ പുല്ലിന്റെ ഉയരം കൂട്ടിനിര്‍ത്തും. ഇന്ത്യന്‍ പിച്ചില്‍ പിങ്ക് പന്തിന്റെ സ്വഭാവം, പ്രത്യേകിച്ച് ഫ്‌ളഡ്ലിറ്റില്‍ എന്താകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.

Also Read: മഞ്ഞപ്പന്തില്‍ തുടങ്ങി പിങ്ക് പന്തില്‍ എത്തിയ നിശാ ക്രിക്കറ്റ്

India vs Bangladesh Day-Night Test
Image Courtesy: BCCI

Also Read: ഇന്ത്യയ്ക്ക് ലോക റെക്കോഡ്; ഇക്കുറി ജയം ഇന്നിങ്‌സിനും 46 റണ്‍സിനും

മഞ്ഞുവീഴ്ച

അഞ്ചുമണിയോടെ പൂര്‍ണ ഇരുട്ടാകുകയാണ് കൊല്‍ക്കത്തയില്‍. നാലുമണിക്കുതന്നെ സ്റ്റേഡിയത്തിലെ വിളക്കുകള്‍ തെളിച്ചു. സന്ധ്യയോടെ മഞ്ഞുവീഴ്ചയും തണുത്ത കാറ്റുമുണ്ട്. പന്ത് മഞ്ഞില്‍ നനഞ്ഞുതുടങ്ങുന്നതോടെ റിവേഴ്സ് സ്വിങ്ങിനുള്ള സാധ്യതയില്ലാതാകും. സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് കിട്ടാതെവരും. ഇവയെല്ലാം ബാറ്റിങ് എളുപ്പമാക്കും. മഞ്ഞ് അധികം പണി തരാതിരിക്കാനാണ് മത്സരം എട്ടുമണിക്ക് അവസാനിപ്പിക്കുന്നത്.

Content Highlights: India vs Bangladesh Day-Night Test