കൊൽക്കത്ത: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്സിലും ബംഗ്ലാദേശിന് ദയനീയമായ ബാറ്റിങ് തകർച്ച. മൊത്തം പന്ത്രണ്ട് വിക്കറ്റുകൾ വീണ രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തുനിൽക്കുകയാണ് സന്ദർശകർ. മൂന്നു ദിവസം കളി ശേഷിക്കേ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 89 റൺസ് പിറകിലാണ് ബംഗ്ലാദേശ് ഇപ്പോഴും.

ഒന്നാമിന്നിങ്സിൽ 106 റൺസെടുത്ത ബംഗ്ലാദേശിനെതിരേ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്ത് ഒന്നാമിന്നിങ്സ് സ്കോർ ഡിക്ലയർ ചെയ്യുകയായിരുന്നു. ബംഗ്ലാദേശിനെതിരേ 241 റൺസിന്റെ ലീഡോടെയാണ് അവർ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.

പതിമൂന്ന് റൺസിന് നാലു വിക്കറ്റ് നഷ്ടപ്പെട്ട ബംഗ്ലാദേശിനെ ഒരുപരിധി വരെ കരകയറ്റിയത് 59 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന മുഷ്ഫിഫുർ റഹീമും 39 റൺസെടുത്തശേഷം  പരിക്കേറ്റ് പിൻവാങ്ങേണ്ടിവന്ന മഹ്മദുള്ളയുമാണ്.

ശദ്മാൻ ഇസ്ലാം (0), ഇമറുൽ കയ്സ് (5), മൊമിനുൽ ഹഖ് (0), മൊഹമ്മദ് മിഥുൻ (6), മെഹിദി ഹസൻ മിറസ് (15), തൈജുൽ ഇസ്ലാം (11) എന്നിരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ. ഒൻപത് ഓവറിൽ 39 റൺസിന് നാലു വിക്കറ്റ് പിഴുത ഇശാന്ത് ശർമയാണ് ബംഗ്ലാ ഇന്നിങ്സിന്റെ നടുവൊടിച്ചത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 89.4 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്താണ് ഇന്ത്യ ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തത്. 90-ാം ഓവറിലെ നാലാമത്തെ പന്തിനുശേഷം കോലി ക്രീസിലുണ്ടായിരുന്ന വൃദ്ധിമാൻ സാഹയെയും മുഹമ്മദ് ഷമിയെയും തിരിച്ചുവിളിക്കുകയായിരുന്നു.

തുടക്കത്തിൽ ഒന്ന് പതറിപ്പോയ ഇന്ത്യയെ പിന്നീട് സെഞ്ച്വറിയോടെ ക്യാപ്റ്റൻ കോലിയും അർധസെഞ്ച്വറികൾ കൊണ്ട് ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും കരകയറ്റിയെങ്കിലും വാലറ്റത്ത് വീണ്ടും കാലിടറി. അവസാന മൂന്ന് ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ കളഞ്ഞുകുളിക്കുകയായിരുന്നു ഇന്ത്യ. ആർ. അശ്വിൻ (9), ഉമേഷ് യാദവ് (0) ഇശാന്ത് ശർമ (0) എന്നിവരാണ് തൊട്ടടുത്ത ഓവറുകളിൽ പുറത്തായത്. ഇന്നിങ്സ് ഡിക്ലയർ ചെയ്യുമ്പോൾ സാഹ 17 ഉം ഷമി 10 ഉം റൺസെടുത്ത് നിൽക്കുകയായിരുന്നു.

194 പന്തിൽ നിന്ന് 136 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോലിയുടെ ടെസ്റ്റ് കരിയറിലെ 27-ാം സെഞ്ചുറി സ്വന്തമാക്കിയത്. 

രണ്ടാംദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. അര്‍ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 99 റണ്‍സ് ചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്. പിന്നീട് രവീന്ദ്ര ജഡേജയെ (12) നിലയുറപ്പിക്കും മുമ്പ് അബു ജയെദ് തിരിച്ചയച്ചു. ആറാമനായി കോലിയും ക്രീസ് വിട്ടു. പിന്നീടാണ് അഞ്ചോവറിനുശേഷം വിക്കറ്റുകളുടെ കൂട്ടവീഴ്ചയുണ്ടായത്.

നേരത്തെ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും (14) രോഹിത് ശര്‍മയും (21) പുറത്തായ ശേഷം ഒത്തു ചേര്‍ന്ന വിരാട് കോലി - ചേതേശ്വര്‍ പൂജാര കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 94 റണ്‍സ് ചേര്‍ത്തു. പൂജാര അര്‍ധ സെഞ്ചുറി (55) നേടി പുറത്തായി.

വ്യക്തിഗത സ്‌കോര്‍ 32-ല്‍ എത്തിയപ്പോള്‍ വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവും ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരവും കോലിയാണ്. 

നേരത്തെ ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 106 റണ്‍സിന് അവസാനിച്ചിരുന്നു. ഇഷാന്ത് ശര്‍മ്മ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റെടുത്തു.

Content Highlights: India vs Bangladesh, 2nd Test, day 2