ഇന്ദോർ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം. ഒരിന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യയുടെ ജയം.

 ഒന്നാമിന്നിങ്സിൽ ബംഗ്ലാദേശിന് 150 റൺസ് മാത്രമാണ് നേടാനായത്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 493 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 343 റൺസിന്റെ ലീഡിനെതിരേ രണ്ടാമിന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം തന്നെ ഓൾഔട്ടായി.

ഒന്നാമിന്നിങ്സിൽ ദയനീയമായി തകർന്ന ബംഗ്ലാദേശ് രണ്ടാമിന്നിങ്സിൽ 213 റൺസിനാണ് ഓൾഔട്ടായത്. 69.2 ഓവർ മാത്രമാണ് രണ്ടാമിന്നിങ്സിൽ ബംഗ്ലാദേശിന് ബാറ്റ് ചെയ്യാനായത്.

150 പന്തിൽ നിന്ന് 64 റൺസെടുത്ത മുഷ്ഫിഖുർ റഹിമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. മെഹിദി ഹസൻ 38 ഉം ലിറ്റൺ ദാസ് 35 ഉം റൺസെടുത്തു. ശദ്മാൻ ഇസ്ലാം (6), ഇമറുൽ കെയ്സ് (6), മൊമിനുൾ ഹഖ് (7), മുഹമ്മദ് മിഥുൻ (18), മഹ്മദുള്ള (15), തൈജുൽ ഇസ്ലാം (6), എബാദത്ത് ഹൊസൈൻ (1) എന്നിവരാണ് നിസാര സ്കോറിന് പുറത്തായത്.

നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ആർ. അശ്വിൻ മൂന്നും ഉമേഷ് യാദവ് രണ്ടും ഇശാന്ത് ശർമ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights : India vs Bangladesh, 1st Test Day 3