ന്യൂഡല്‍ഹി: പുകമഞ്ഞുമൂടിയ ഡല്‍ഹിയില്‍ ഇന്ത്യയും ബംഗ്ലാദേശും ഞായറാഴ്ച ക്രിക്കറ്റ് പോരാട്ടത്തിന്. ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ഞായറാഴ്ച രാത്രി ഏഴുമുതല്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കും. 

പുകയെക്കുറിച്ച് ആശങ്കയും പരാതികളുമുണ്ടെങ്കിലും കളി തടസ്സപ്പെടാനിടയില്ല. ട്വന്റി 20-യില്‍ എട്ടുതവണ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍പ്പോലും ബംഗ്ലാദേശിന് ജയിക്കാനായിട്ടില്ല. വിരാട് കോലിക്കുപകരം രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.

യുവതാരങ്ങള്‍ക്കെല്ലാം അവസരം നല്‍കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞതാണ് സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നത്. 2015-ല്‍ സിംബാബ്വെയ്‌ക്കെതിരേ അരങ്ങേറിയ സഞ്ജു ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെയായിരിക്കുമെങ്കിലും മുന്‍നിര ബാറ്റ്സ്മാനായി സഞ്ജുവിന് ഇടംകിട്ടുമെന്ന പ്രതീക്ഷയുണ്ട്. സഞ്ജുവിനെ കൂടാതെ ശിവം ദുബെ, രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍ തുടങ്ങി ഒരുസംഘം യുവതാരങ്ങള്‍ ഇലവനില്‍ അവസരം കാത്തിരിപ്പുണ്ട്.

കോലിയുടെ അഭാവത്തില്‍, പരിചയസമ്പന്നനായ കെ.എല്‍ രാഹുല്‍ മൂന്നാമനായി ഇറങ്ങിയാല്‍ സഞ്ജുവിന്റെ സാധ്യത മങ്ങും. ഹാര്‍ദിക് പാണ്ഡ്യ ഇല്ലാത്തതിനാല്‍ മുംബൈ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ കളിപ്പിക്കാനിടയുണ്ടെന്ന് രോഹിത് ശര്‍മ സൂചനനല്‍കി. ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ ഓള്‍റൗണ്ടര്‍മാരുമുണ്ട്. ദീപക് ചഹാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ് എന്നിവരില്‍ രണ്ടു പേസര്‍മാര്‍ക്ക് അവസരമുണ്ടാകും.

മറുഭാഗത്ത് നായകനായിരുന്ന ഷാകിബ് അല്‍ ഹസ്സന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടുവര്‍ഷത്തെ വിലക്കുകിട്ടിയതിന്റെ ഷോക്കിലാണ് ബംഗ്ലാദേശ്. ബംഗ്ലാനിരയില്‍ പരിചയസമ്പന്നനായ തമീം ഇഖ്ബാലും ടീമിലില്ല. മഷ്റഫെ മൊര്‍ത്താസ ടി-20 കളിക്കുന്നില്ല. മുഹമ്മദ് സൈഫുദ്ദീന് പരിക്ക്. ചുരുക്കത്തില്‍, ദുര്‍ബലരായ ബംഗ്ലാദേശാകും ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരേ ഇറങ്ങുന്നത്.

Content Highlights: India vs Bangladesh 1st T20 delhi