photo: Twitter/Bangladesh Cricket
മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒരു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം നാലോവറും ഒരു വിക്കറ്റും ബാക്കി നില്‍ക്കെ ബംഗ്ലാദേശ് മറികടന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ നജ്മുള്‍ ഹൊസ്സൈന് ഷാന്റോയെ നഷ്ടമായി. പേസര്‍ ചാഹറാണ് വിക്കറ്റെടുത്തത്. എന്നാല്‍ ലിട്ടണ്‍ ദാസ്ക്രിസില് നിലയുറപ്പിച്ച് ബാറ്റേന്തി. എന്നാല്‍ അനാമുള്‍ ഹഖ്(14), ഷാക്കിബ് അല്‍ ഹസ്സന്(29) എന്നിവരെയും കൂടാരം കയറ്റി ഇന്ത്യ തിരിച്ചടിച്ചു. 63 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത് ലിട്ടണ്‍ ദാസിനെ വാഷിങ്ടണ്‍ സുന്ദറാണ് പുറത്താക്കിയത്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന ഘട്ടത്തിലായിരുന്നു ബംഗ്ലാദേശ്. പിന്നീട് തുടരെത്തുടരെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് മത്സരം ഇന്ത്യ പിടിമുറുക്കി. മഹ്മദുള്ള(14), അഫിഫ് ഹൊസ്സൈന്(6), മുഷ്ഫിഖര്‍ റഹീം(18) എന്നിവര്‍ക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. പിന്നീടിറങ്ങിയ മെഹ്ദി ഹസന് മിറാസ് കരുതലോടെ ബാറ്റേന്തിയതോടെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് സെന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് പിടിച്ചുകെട്ടി. ബാറ്റര്‍മാര്‍ കളി മറന്നപ്പോള്‍, 41.2 ഓവറില്‍ 186 റണ്‍സ് എടുക്കാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. ഇന്ത്യന്‍ നിരയില്‍ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. 70 പന്തില്‍ നിന്ന് 73 റണ്‍സ് എടുത്ത കെ.എല്‍ രാഹുലിന് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞത്.
ടീം സ്കോര്‍ 23 നില്‍ക്കെ ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 17 പന്തില്‍ ഏഴ് റണ്‍സ് എടുത്ത ധവാനെ മെഹിദി ഹസനാണ് വീഴ്ത്തിയത്. രോഹിത് ശര്‍മ 31 പന്തില്‍ 27 റണ്‍സ് എടുത്തും വിരാട് കോലി 15 പന്തില്‍ 9 ണ്‍സ് എടുത്തും പുറത്തായി. പിന്നാലെ ശ്രേയ്യസ് അയ്യര്‍ (39 പന്തില്‍ 24), വാഷിങ്ടന്‍ സുന്ദര്‍ (43 പന്തില്‍ 19), ഷഹബാസ് അഹമ്മദ് (4 പന്തില്‍ 0), ഷര്‍ദൂല്‍ താക്കൂര്‍ (3 പന്തില്‍ നിന്ന് 2), ദീപക് ചാഹര്‍ (3 പന്തില്‍ നിന്ന് 0), മുഹമ്മദ് സിറാജ് (20 പന്തില്‍ നിന്ന് 9), കുല്‍ദ്വീപ് സെന്‍ ( 4 പന്തില്‍ നിന്ന് 2) എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങി.
നേരത്തെ, ടോസ് നേടിയ ബംഗ്ലദേശ് നായകന് ലിട്ടണ്‍ ദാസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷാക്കിബ് അല്‍ ഹസനും എബദോട്ട് ഹൊസൈനും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. 10 ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി ഷാക്കിബ് അല്‍ ഹസന് അഞ്ച് വിക്കറ്റ് എടുത്തപ്പോള്‍, 8.2 ഓവറില്‍ 47 റണ്‍സ് വഴങ്ങി എബദോട്ട് ഹൊസൈന്‍ നാല് വിക്കറ്റ് എടുത്തു. മെഹിദി ഹസന് ഒരു വിക്കറ്റ് വീഴ്ത്തി.
Content Highlights: India vs Bangladesh 1st ODI
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..