ഗയാന: സ്മൃതി മന്ദാനയുടേയും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റേയും ബാറ്റിങ്ങ് മികവില്‍ ടി ട്വന്റി വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് ജയം. ഓസ്‌ട്രേലിയയെ 48 റണ്‍സിന് തോല്‍പ്പിച്ചു. ഇതോടെ നാല് കളിയും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ബി ജേതാക്കളായി.സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ എട്ടിന് 167.ഓസ്‌ട്രേലിയ 19.4 ഓവറില്‍ 119 ന് പുറത്ത്.

ഇന്ത്യക്കായി സ്മൃതി 55 പന്തില്‍ 83 റണ്‍സെടുത്തപ്പോള്‍ ഹര്‍മന്‍പ്രീത് 27 പന്തില്‍ 43 റണ്‍സ് നേടി. ഇതോടെ ടി20 യില്‍ 1000 റണ്‍സെന്ന നേട്ടവും സ്മൃതി പിന്നിട്ടു.ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് സ്മൃതിയുടെ ഇന്നിങ്‌സ്. ഹര്‍മന്‍പ്രീത് മൂന്ന് വീതം സിക്‌സും ഫോറും നേടി.

എന്നാല്‍ മറ്റ് താരങ്ങള്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ തനിയ ഭാട്യ (രണ്ട്), ജമീമ റോഡ്രിഗസ് (ആറ്) വേദ കൃഷ്ണമൂര്‍ത്തി (മൂന്ന്),ഡി. ഹേമലത (ഒന്ന്) ദീപ്തി ശര്‍മ (എട്ട്) എന്നിവര്‍ നിരാശപ്പെടുത്തി.ഓസീസ് ബൗളിങ്ങില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ എലീസ പെറി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ ഓസീസിനായി എലീസ പെറി (39*) ഗാര്‍ഡ്‌നര്‍ (20) എന്നിവര്‍ക്ക് മാത്രമെ പിടിച്ചുനില്‍ക്കാനായുള്ളു. അനൂജ പട്ടേല്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, പൂനം യാദവ്, രാധ യാദവ്, എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Content Highlights: India vs Austrlia Womens T20 World Cup Smriti Mandhana