Photo: PTI
ഓവല്‍:ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം ദിനം മത്സരമവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു. ഇതോടെ ഓസീസിന് 296 റണ്‍സിന്റെ ലീഡായി. 41 റണ്‍സുമായി മാര്‍നസ് ലബൂഷെയ്‌നും ഏഴ് റണ്‍സെടുത്ത് കാമറൂണ്‍ ഗ്രീനുമാണ് ക്രീസിലുള്ളത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് വീണത്.
173 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ത്തന്നെ പിഴച്ചു. ടീം സ്‌കോര്‍ വെറും രണ്ട് റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായി. ഒരു റണ്‍ മാത്രമെടുത്ത വാര്‍ണറെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ഉസ്മാന്‍ ഖവാജയും മാര്‍നസ് ലബൂഷെയ്‌നും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഉമേഷ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 13 റണ്‍സെടുത്ത ഖവാജയെ ഉമേഷ് ശ്രീകര്‍ ഭരത്തിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഓസീസ് 24 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്തും മാര്‍നസ് ലബൂഷെയ്‌നും ക്ഷമയോടെ ബാറ്റുവീശിയതോടെ ഓസീസ് ക്യാമ്പില്‍ പ്രതീക്ഷ പരന്നു. ഇരുവരും ചേര്‍ന്ന് വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് ഓസ്‌ട്രേലിയയെ കരകയറ്റി. മൂന്നാം വിക്കറ്റില്‍ ഇരുവരും 62 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പേസ് ബൗളര്‍മാര്‍ക്ക് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ കഴിയാതെ പോയതോടെ നായകന്‍ രോഹിത് ശര്‍മ സ്പിന്നറായ രവീന്ദ്ര ജഡേജയെ കൊണ്ടുവന്നു. ഈ തീരുമാനം ഫലപ്രദമായി. കഴിഞ്ഞ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ സ്മിത്തിനെ പുറത്താക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 34 റണ്‍സെടുത്ത സ്മിത്തിനെ ജഡേജ ശാര്‍ദൂലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഓസ്‌ട്രേലിയ 86 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
സ്മിത്തിന് പകരം വന്ന ട്രാവിസ് ഹെഡ് ഏകദിന ശൈലിയില്‍ ബാറ്റുവീശാനാരംഭിച്ചു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഹെഡ് അതേ ശൈലിയിലാണ് കളിക്കാന്‍ തുടങ്ങിയത്. ജഡേജ ചെയ്ത 37-ാം ഓവറിലെ ആദ്യ പന്തില്‍ ഹെഡ് സിക്‌സടിക്കാനൊരുങ്ങി. പന്ത് ബൗണ്ടറി ലൈനില്‍ ക്യാച്ചായി വന്നെങ്കിലും ഉമേഷ് യാദവിന് കൈയ്യിലൊതുക്കാനായില്ല. ഉമേഷിന്റെ കൈയ്യില്‍ തട്ടി പന്ത് സിക്‌സ് ലൈന്‍ കടന്നു. എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഹെഡിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി ജഡേജ ഓസ്‌ട്രേലിയയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. 18 റണ്‍സാണ് ഹെഡ്ഡിന്റെ സമ്പാദ്യം.ഹെഡ്ഡിന്റെ പകരക്കാരനായി കാമറൂണ്‍ ഗ്രീനാണ് ക്രീസിലെത്തിയത്. ഗ്രീനും ലബൂഷെയ്‌നും പിന്നീട് വിക്കറ്റുകള്‍ വീഴാനനുവദിക്കാതെ പിടിച്ചുനിന്ന് മൂന്നാം ദിനം മത്സരം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിറാജും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ടായി. അജിങ്ക്യ രഹാനെയുടെയും ശാര്‍ദൂല്‍ ഠാക്കൂറിന്റെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇതോടെ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ 173 റണ്‍സിന്റെ ലീഡ് ലഭിച്ചു. അഞ്ചുവിക്കറ്റിന് 151 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെയും ശ്രീകര്‍ ഭരതും ക്രീസിലെത്തി. എന്നാല്‍ തുടക്കത്തില്‍ത്തന്നെ ശ്രീകര്‍ ഭരതിനെ നഷ്ടമായി. മൂന്നാം ദിനം ഒരുറണ്‍ പോലും നേടാനാകാതെ ഭരത് പുറത്തായി. താരത്തെ സ്‌കോട് ബോളണ്ട് ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ 152 ന് ആറുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
ഭരതിന് പകരം ശാര്‍ദൂല്‍ ഠാക്കൂറാണ് ക്രീസിലെത്തിയത്. ശാര്‍ദൂലിനെ കൂട്ടുപിടിച്ച് രഹാനെ മികച്ച പ്രകടനം പുറത്തെടുത്തു. വൈകാതെ താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. ശാര്‍ദൂലും പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു.രഹാനെയുടെ ക്ലാസ് തെളിയിക്കുന്ന ഷോട്ടുകള്‍ ഓസീസ് ബൗളര്‍മാരുടെ മനോവീര്യം കെടുത്തി. ഓസീസ് ബൗളര്‍മാരുടെ തീതുപ്പുന്ന പന്തുകളെ ശാര്‍ദൂലും രഹാനെയും കൂസലില്ലാതെ നേരിട്ടു. 60-ാം ഓവറിലെ നാലാം പന്തില്‍ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതോടെ ഇന്ത്യ മത്സരത്തിലാദ്യമായി ബാറ്റിങ്ങില്‍ ഫോമിലേക്കുയര്‍ന്നു. ഒപ്പം ടീം സ്‌കോര്‍ 250 കടക്കുകയും ചെയ്തു.ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു.
എന്നാല്‍ ഉച്ച ഭക്ഷണത്തിനുശേഷം ക്രീസിലെത്തിയ രഹാനെയ്ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ രഹാനെ ഗ്രീനിന് ക്യാച്ച് നല്‍കി മടങ്ങി. അവിശ്വസനീയ ക്യാച്ചിലൂടെയാണ് ഗ്രീന്‍ രഹാനെയെ പുറത്താക്കിയത്. 129 പന്തുകള്‍ നേരിട്ട രഹാനെ 11 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 89 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. ശാര്‍ദൂലിനൊപ്പം ഏഴാം വിക്കറ്റില്‍ 109 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിന് സാധിച്ചു.
രഹാനെയ്ക്ക് പകരം വന്ന ഉമേഷ് യാദവ് അതിവേഗത്തില്‍ മടങ്ങി. അഞ്ചുറണ്‍സെടുത്ത താരത്തെ കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന ഷമിയെ കൂട്ടുപിടിച്ച് ശാര്‍ദൂല്‍ സ്‌കോര്‍ ഉയര്‍ത്തി. വൈകാതെ താരം അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ നാലാം ടെസ്റ്റ് അര്‍ധസെഞ്ചുറിയാണിത്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനുതൊട്ടുപിന്നാലെ ശാര്‍ദൂലിനെ കാമറൂണ്‍ ഗ്രീന്‍ പുറത്താക്കി. കൂറ്റനടിയ്ക്ക് ശ്രമിച്ച ശാര്‍ദൂലിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈയ്യിലൊതുങ്ങി. 109 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെ സഹായത്തോടെ 51 റണ്‍സെടുത്താണ് ശാര്‍ദൂല്‍ ക്രീസ് വിട്ടത്.പിന്നാല ഷമിയും പുറത്തായി. 13 റണ്‍സെടുത്ത ഷമിയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഇതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
Updating ...
Content Highlights: india vs australia wtc final day three match updates
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..