നിയാഴ്ച്ച തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് ഊര്‍ജം പകർന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുംലി. സച്ചിന്‍ തെണ്ടുല്‍ക്കറിന് പിന്നാലെയാണ് ഗാംഗുലിയും ടീം ഇന്ത്യക്ക് പിന്തുണ നല്‍കിയത്.

''കോലി സാധാരണ ഒരു മനുഷ്യനാണ്. ചിലപ്പോള്‍ പരാജയം സംഭവിച്ചേക്കാം. പുണെയില്‍ രണ്ടിന്നിങ്‌സിലും കോലി പരാജയപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ ഓഫ് സ്റ്റമ്പിന് പുറത്ത് അലക്ഷ്യമായ ഒരു ഷോട്ട് കളിച്ചതാണ് വിരാട് കോലിയുടെ പുറത്താകലിന് വഴിവെച്ചത്.'' ഗാംഗുലി പറഞ്ഞു.

സച്ചിന്‍ തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്താണ് പിന്നീട് ഗാംഗുലി കോലിയുടെ ബാറ്റിങ്ങിനെക്കുറിച്ച് പറഞ്ഞത്. ഓസ്‌ട്രേലിയന്‍ മണ്ണിലെ റെക്കോഡ് നോക്കുകയാണെങ്കില്‍ കോലി എളുപ്പം തിരിച്ചുവരുമെന്നും കംഗാരുക്കള്‍ക്കെതിരെ സച്ചിന്‍ പോലും ഇത്രയും മികച്ച മത്സരം കളിച്ചിട്ടില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

''കോലി തിരിച്ചുവരും. ഓസ്‌ട്രേലിയക്കെതിരെ അദ്ദേഹത്തിന്റെ റെക്കോഡ് അത്രയും മികച്ചതാണ്. ആ നാല് ടെസ്റ്റുകളിലെ തുടര്‍ച്ചയായ നാല് സെഞ്ചുറികള്‍ മതി കോലിയുടെ പ്രതിഭ വ്യക്തമാകാൻ. സച്ചിന്‍ പോലും അങ്ങനെ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല''-ഗാംഗുലി കൂട്ടിച്ചേര്‍ത്തു.  സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരെ നന്നായി കളിച്ചിട്ടുണ്ടെങ്കിലും രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ തന്നെ തുടര്‍ച്ചയായ നാല് സെഞ്ചുറികൾ അടിക്കുക എന്നത് സവിശേഷമായൊരു കാര്യമാണ്-ഗാംഗുലി വ്യക്തമാക്കി.

ഇന്ത്യയുടെ 2014-2015 സീസണിലെ പരമ്പരയിലാണ് കോലി നാല് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും കുറിച്ചത്. 86.50 ശരാശരിയില്‍ 692 റണ്‍സടിക്കാനും കോലിക്ക് സാധിച്ചു. ഓസീസ് മണ്ണില്‍ എട്ടു ടെസ്റ്റില്‍ നിന്ന് 992 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇതില്‍ അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടുന്നു. അതേസമയം സച്ചിന്‍ തെണ്ടുല്‍ക്കര്‍ 20 ടെസ്റ്റില്‍ നിന്ന് 1809 റണ്‍സ് മാത്രമാണ് നേടിയത്. 53.20 ശരാശരിയുള്ള  സച്ചിന്റെ അക്കൗണ്ടില്‍ ആറു സെഞ്ചുറികളാണുള്ളത്‌.