സിഡ്നി: ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലി നേട്ടങ്ങളുടെ നെറുകയില്‍. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന പെരുമ ഇനി കോലിക്ക് സ്വന്തം. മാത്രമല്ല ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനുമാണ് കോലി.
മോശം കാലാവസ്ഥ മൂലം സിഡ്നി ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു, ഇതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിച്ചു. പരമ്പര 2-1 ഇന്ത്യ സ്വന്തമാക്കി.
അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ 31 റണ്‍സിന് വിജയിച്ചിരുന്നു. പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് ഇന്ത്യയെ 146 റണ്‍സിന് പരാജയപ്പെടുത്തി. പിന്നാലെ മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 137 റണ്‍സ് ജയത്തോടെ ഇന്ത്യ വീണ്ടും മുന്നിലെത്തി. സിഡ്നി ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിന് മോശം കാലാവസ്ഥ തടസമാകുകയായിരുന്നു.
കപില്‍ ദേവ്, സുനില്‍ ഗവാസ്ക്കര്‍, സൗരവ് ഗാംഗുലി, എം.എസ് ധോനി എന്നീ ഇതിഹാസ നായകന്മാര്ക്ക് സാധിക്കാത്ത നേട്ടമാണ് കോലിക്ക് സ്വന്തമായിരിക്കുന്നത്. ഇതാദ്യമായാണ് ഓസീസ് മണ്ണില്‍ ഒരു മുഴുനീള ടെസ്റ്റ് പരമ്പരയില്‍ കോലി ഇന്ത്യയെ നയിക്കുന്നത്.
2014-15 ലെ പര്യടനത്തിനിടെയായിരുന്നു കോലി ആദ്യമായി ഓസീസ് മണ്ണില്‍ ഇന്ത്യയെ നയിച്ചത്. അന്നത്തെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ധോനിക്ക് കളിക്കാന്‍ സാധിക്കാതിരുന്നപ്പോഴാണ് കോലി ഇന്ത്യയെ നനയിച്ചത്. പരമ്പരയ്ക്കിടെ ധോനി അപ്രതീക്ഷിതമായി വിരമിച്ചപ്പോള്‍ കോലി ടീമിന്റെ സ്ഥിരം നായകനുമായി.
1986-ലെ പരമ്പരയില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിച്ച കപില്‍ ദേവിന് ശേഷം ഓസീസിനെ ഫോളോ ഓണിനയക്കുന്ന ക്യാപ്റ്റനെന്ന ബഹുമതിയും കോലി സ്വന്തമാക്കിയിരുന്നു. 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നും സിഡ്നിയില്‍ നടന്ന ടെസ്റ്റിലായിരുന്നു കപിലിന്റെ ടീം ഓസീസിനെ ഫോളോ ഓണിനയച്ചത്.
മാത്രമല്ല 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988-ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല.
Content Highlights: india vs australia virat kohli leads india to first ever test series win in australia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..