സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍. മഴ മൂലം 55 ഓവറുകളാക്കി ചുരുക്കിയ മത്സരത്തില്‍ ഓസിസ് ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു.

67 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നിന്റെയും 62 റണ്‍സെടുത്ത യുവതാരം വില്‍ പുകോവ്‌സ്‌കിയുടെയും ബാറ്റിങ് മികവിലാണ് ഓസിസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ലബുഷെയ്‌നും 31 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും പുറത്താവാതെ നില്‍ക്കുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡ് ആറില്‍ നില്‍ക്കെ അഞ്ച് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സ്വപ്‌നതുല്യമായ തുടക്കം നല്‍കി. വാര്‍ണറെ സ്ലിപ്പില്‍ നിന്ന പൂജാരയുടെ കൈകളിലാണ് സിറാജ് എത്തിച്ചത്. പിന്നീട് 7.1 ഓവറില്‍ മഴ പെയ്തതോടെ കളി മുടങ്ങി.

മഴയ്ക്ക്‌ശേഷം ഒത്തുചേര്‍ന്ന പുകോവ്‌സ്‌കി ലബുഷെയ്ന്‍ സഖ്യം തകര്‍ച്ചയില്‍ നിന്നും ഓസിസിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ഓസ്‌ട്രേലിയയ്ക്കായി അരങ്ങേറ്റ മത്സരം കുറിച്ച പുകോവ്‌സ്‌കി അര്‍ധസെഞ്ചുറിയുമായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പുകോവ്‌സ്‌കിയുടെ വിക്കറ്റെടുത്തത് മറ്റൊരു അരങ്ങേറ്റക്കാരനായ നവ്ദീപ് സെയ്‌നിയായിരുന്നു.

ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച സെയ്‌നി പുകോവ്‌സ്‌കിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പുകോവ്‌സ്‌കി പുറത്തായിട്ടും മറുവശത്ത് ലബുഷെയ്ന്‍ അനായാസം ബാറ്റ് ചെയ്തു. സ്റ്റീവ് സ്മിത്ത് കൂടി വന്നതോടെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 150 കടത്തി. ഇന്ത്യയ്ക്കായി സെയ്‌നിയും സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും കഴിഞ്ഞ മത്സരത്തില്‍ കളിച്ച  ടീമില്‍ നിന്നും മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. ഓസ്‌ട്രേലിയ വില്‍ പുകോവ്‌സ്‌കി, ഡേവിഡ് വാര്‍ണര്‍ എന്നിവരെ കൊണ്ടുവന്നപ്പോള്‍ ഇന്ത്യ രോഹിത് ശര്‍മ, നവ്ദീപ് സൈനി എന്നിവര്‍ക്ക് അവസരം നല്‍കി. സൈനിയുടെയും പുകോവ്‌സ്‌കിയുടെയും അരങ്ങേറ്റ മത്സരമാണിത്.

Content Highlights: India vs Australia Third Test Day One 2021