സൂര്യ-കോലി ഷോ; അവസാന ഓവര്‍ ത്രില്ലറില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ, പരമ്പര


സൂര്യകുമാര്‍ 69 റണ്‍സും കോലി 63 റണ്‍സും നേടി.

Photo: twitter.com/BCCI

ഹൈദരാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞമത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവും വിരാട് കോലിയും അര്‍ധസെഞ്ചുറി നേടി തിളങ്ങി.ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.

ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടന്നു. സൂര്യകുമാര്‍ 69 റണ്‍സും കോലി 63 റണ്‍സും നേടി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. കളിയിലെ താരമായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തു. അക്ഷര്‍ പട്ടേലാണ് പരമ്പരയുടെ താരം.187 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ ആറാം പന്തില്‍ തന്നെ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ പുറത്തായി. ഡാനിയല്‍ സാംസിന്റെ പന്തില്‍ സിക്‌സടിക്കാനുള്ള രാഹുലിന്റെ ശ്രമം മികച്ച ക്യാച്ചിലൂടെ മാത്യു വെയ്ഡ് വിഫലമാക്കി. വെറും ഒരു റണ്‍ മാത്രമാണ് രാഹുലിന്റെ സമ്പാദ്യം. രാഹുലിന് പകരം വിരാട് കോലി ക്രീസിലെത്തി. പിന്നാലെ വമ്പനടികള്‍ കാഴ്ചവെച്ച് രോഹിത് നന്നായി തുടങ്ങിയെങ്കിലും നാലാം ഓവറില്‍ ഇന്ത്യന്‍ നായകനും പുറത്തായി.

13 പന്തുകളില്‍ നിന്ന് 17 റണ്‍സെടുത്ത രോഹിത്തിനെ പാറ്റ് കമ്മിന്‍സ് ഡാനിയല്‍ സാംസിന്റെ കൈയ്യിലെത്തിച്ചു. രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യ 30 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. രോഹിത്തിന് പകരം കോലിയ്ക്ക് കൂട്ടായി സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി.

പതിയെ തുടങ്ങിയ കോലി മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. ഹെയ്‌സല്‍വുഡിന്റെ ആറാം ഓവറില്‍ തകര്‍പ്പന്‍ സിക്‌സും ഫോറും തുടര്‍ച്ചയായി അടിച്ച് കോലി ടീം സ്‌കോര്‍ ഉയര്‍ത്തി. ആറോവറില്‍ ടീം സ്‌കോര്‍ 50 കടന്നു. പിന്നാലെ സൂര്യകുമാറും സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയതോടെ വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

കോലിയെ സാക്ഷിയാക്കി സൂര്യകുമാര്‍ അടിച്ചുതകര്‍ക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് ഹൈദരാബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വെറും 29 പന്തുകളില്‍ നിന്ന് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി നേടി. പിന്നാലെ കോലിയും സൂര്യകുമാറും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. സൂര്യകുമാര്‍ ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് മുന്നേറി. എന്നാല്‍ 14-ാം ഓവറിലെ അവസാന പന്തില്‍ സൂര്യകുമാര്‍ പുറത്തായി.

ഹെയ്‌സല്‍വുഡിനെ സിക്‌സടിക്കാനുള്ള താരത്തിന്റെ ശ്രമം ആരോണ്‍ ഫിഞ്ചിന്റെ കൈയ്യിലൊതുങ്ങി. വെറും 36 പന്തുകളില്‍ അഞ്ച് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 69 റണ്‍സെടുത്താണ് സൂര്യകുമാര്‍ ക്രീസ് വിട്ടത്. താരത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. പാണ്ഡ്യയെ സാക്ഷിയാക്കി കോലി അര്‍ധസെഞ്ചുറി കുറിച്ചു. 37 പന്തുകളില്‍ നിന്നാണ് താരം 50 തികച്ചത്. താരത്തിന്റെ കരിയറിലെ 33-ാം അര്‍ധസെഞ്ചുറിയാണിത്.

അവസാന നാലോവറില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 39 റണ്‍സായി മാറി. 16.1 ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു. 17-ാം ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ മൂന്ന് ഓവറില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 32 റണ്‍സായി. അവസാന ഓവറുകളില്‍ കോലിയും പാണ്ഡ്യയും റണ്‍സ് കണ്ടെത്താന്‍ നന്നായി വിഷമിച്ചു. ഇതോടെ മത്സരം അത്യന്തം ആവേശം നിറഞ്ഞതായി. 18-ാം ഓവറില്‍ കമ്മിന്‍സ് 11 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ രണ്ടോവറില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 21 റണ്‍സായി മാറി.

എന്നാല്‍ ഹെയ്‌സല്‍വുഡ് ചെയ്ത 19-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടിക്കൊണ്ട് പാണ്ഡ്യ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ പരത്തി. പക്ഷേ പിന്നീടുളള്ള അഞ്ചുപന്തില്‍ നിന്ന് നാല് റണ്‍സാണ് വന്നത്. ഇതോടെ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ 11 റണ്‍സ് വേണമെന്ന നിലവന്നു.

ഡാനിയല്‍ സാംസാണ് അവസാന ഓവര്‍ ചെയ്യാനെത്തിയത്. ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ച് കോലി ഇന്ത്യയുടെ വിജയമുറപ്പിച്ചു. എന്നാല്‍ തൊട്ടുത്ത പന്തില്‍ താരം ഫിഞ്ചിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 48 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 63 റണ്‍സെടുത്താണ് കോലി ക്രീസ് വിട്ടത്. കോലിയ്ക്ക് പകരം ദിനേശ് കാര്‍ത്തിക്കാണ് ക്രീസിലെത്തിയത്. ഓവറിലെ അഞ്ചാം പന്തില്‍ ഫോറടിച്ചുകൊണ്ട് ഹാര്‍ദിക് ഒരു പന്ത് ശേഷിക്കേ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഹാര്‍ദിക് 16 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്തും കാര്‍ത്തിക്ക് ഒരു റണ്ണെടുത്തും പുറത്താവാതെ നിന്നു.

ഓസീസിനായി ഡാനിയല്‍ സാംസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ യുവതാരങ്ങളായ ടിം ഡേവിഡിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ നല്‍കിയത്. നായകന്‍ ആരോണ്‍ ഫിഞ്ചിനെ സാക്ഷിയാക്കി ഗ്രീന്‍ അടിച്ചുതകര്‍ത്തു. നാലാം ഓവറിലെ മൂന്നാം പന്തില്‍ ആറുപന്തില്‍ നിന്ന് ഏഴുറണ്‍സെടുത്ത ഫിഞ്ചിനെ അക്ഷര്‍ പട്ടേല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. പക്ഷേ ഗ്രീനിന്റെ വെടിക്കെട്ടിന് മാറ്റമുണ്ടായിരുന്നില്ല.

ഫിഞ്ചിന് പകരം ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഗ്രീന്‍ ടീം സ്‌കോര്‍ 50 കടത്തി. വെറും 3.5 ഓവറിലാണ് ടീം സ്‌കോര്‍ 50 കടന്നത്. പിന്നാലെ ഗ്രീന്‍ അര്‍ധസെഞ്ചുറി നേടി. വെറും 19 പന്തുകളില്‍ നിന്നാണ് ഗ്രീന്‍ അര്‍ധശതകം കുറിച്ചത്. ട്വന്റി 20യില്‍ ഇന്ത്യയ്‌ക്കെതിരേ ഒരു താരത്തിന്റെ അതിവേഗ അര്‍ധസെഞ്ചുറിയാണിത്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ അപകടകാരിയായ ഗ്രീനിനെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു.

സിക്‌സ് നേടാനുള്ള ഗ്രീനിന്റെ ശ്രമം രാഹുലിന്റെ കൈയ്യില്‍ അവസാനിച്ചു. 21 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 52 റണ്‍സ് നേടി ടീമിന് മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ് ഗ്രീന്‍ ക്രീസ് വിട്ടത്. ഗ്രീനിന് പകരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രീസിലെത്തി.

പക്ഷേ മാക്‌സ്‌വെല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടു. എട്ടാം ഓവറിലെ നാലാം പന്തില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച മാക്‌സ്‌വെല്ലിനെ അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ടാക്കി. 11 പന്തുകളില്‍ നിന്ന് വെറും ആറുറണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ സ്റ്റീവ് സ്മിത്തിനെയും മടക്കി ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 10 പന്തുകളില്‍ ഒന്‍പത് റണ്‍സ് മാത്രം നേടിയ സ്മിത്തിനെ യൂസ്‌വേന്ദ്ര ചാഹല്‍ പുറത്താക്കി. ചാഹലിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച സ്മിത്തിനെ കാര്‍ത്തിക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ വിക്കറ്റ് നഷ്ടപ്പെടാതെ 44 എന്ന നിലയില്‍ നിന്ന് ഓസീസ് 84 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നീട് ക്രീസിലൊന്നിച്ച ടിം ഡേവിഡും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് 12 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. ഇരുവരും ചേര്‍ന്ന് ഓസ്‌ട്രേലിയയെ രക്ഷിച്ചെന്ന് തോന്നിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷര്‍ പ്രഹരമേല്‍പ്പിച്ചു. 22 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത ഇംഗ്ലിസിനെ അക്ഷര്‍ രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചു. ഇംഗ്ലിസ് മടങ്ങുമ്പോള്‍ ഓസീസ് അഞ്ചിന് 115 റണ്‍സ് എന്ന നിലയിലായിരുന്നു. അതേ ഓവറില്‍ തന്നെ അപകടകാരിയായ മാത്യു വെയ്ഡിനെയും മടക്കി അക്ഷര്‍ കൊടുങ്കാറ്റായി. മൂന്ന് പന്തില്‍ നിന്ന് വെറും ഒരു റണ്‍ മാത്രമെടുത്ത വെയ്ഡിനെ അക്ഷര്‍ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ ഓസീസ് 117 ന് ആറ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

വെയ്ഡിന് പകരം ഡാനിയല്‍ സാംസാണ് ക്രീസിലെത്തിയത്. സാംസിനെ കൂട്ടുപിടിച്ച് ടിം ഡേവിഡ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ഭുവനേശ്വര്‍ ചെയ്ത 18-ാം ഓവറിലെ അവസാന മൂന്ന് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറുമടിച്ച് ഡേവിഡ് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.

19-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ചുകൊണ്ട് ടിം ഡേവിഡ് അര്‍ധശതകം കുറിച്ചു. വെറും 25 പന്തുകള്‍ മാത്രമാണ് ഇതിനായി താരത്തിന് വേണ്ടിവന്നത്. ഡേവിഡിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറി കൂടിയാണിത്. എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഡേവിഡിനെ ഹര്‍ഷല്‍ രോഹിതിന്റെ കൈയ്യിലെത്തിച്ചു. 27 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ അക്ഷര്‍ പട്ടേലും യൂസ്വേന്ദ്ര ചാഹലും മാത്രമാണ് മികച്ചുനിന്നത്. താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ നാലോവറില്‍ വഴങ്ങിയത് 50 റണ്‍സാണ്. വിക്കറ്റ് നേടിയതുമില്ല. ഭുവനേശ്വറാകട്ടെ മൂന്നോവറില്‍ 39 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ചാഹല്‍ നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കി.

Updating ...

Content Highlights: india vs asutralia, ind vs aus, india vs australia third t20, sports news, cricket news,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented