Photo: twitter.com/ICC
ചെന്നൈ: പടിക്കല്‍ കലമുടച്ച് ഇന്ത്യ. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ അവസാന നിമിഷം തോല്‍വി ഏറ്റുവാങ്ങി. 21 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ വിജയം. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ 2-1 ന് സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഓസ്‌ട്രേലിയ 49 ഓവറില്‍ 269 ന് പുറത്ത്, ഇന്ത്യ 49.1 ഓവറില്‍ 248 ന് പുറത്ത്.
അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യ പെട്ടെന്ന് ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. വിരാട് കോലിയെയും സൂര്യകുമാര്‍ യാദവിനെയും അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തിയ ആഷ്ടണ്‍ ആഗറാണ് കളിയുടെ ഗതി മാറ്റിയത്. അര്‍ധസെഞ്ചുറി നേടിയ കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
270 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഓവറുകളില്‍ കഴിഞ്ഞ മത്സരങ്ങളില്‍ പ്രതിരോധിച്ച് കളിച്ച ഇരുവരും ഇത്തവണ ശൈലി മാറ്റി. ആദ്യ ഓവറുകളില്‍ തന്നെ രോഹിത്തും ഗില്ലും ആക്രമിച്ച് കളിക്കാനാരംഭിച്ചു. ഇതോടെ 7.3 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. അപകടകാരിയായ മിച്ചല്‍ സ്റ്റാര്‍ക്കിനെയടക്കം കൂസാതെ ബാറ്റുചെയ്ത ഇരുവരും ഇന്ത്യയ്ക്ക് മികച്ച അടിത്തറ സമ്മാനിച്ചു.
എന്നാല്‍ സീന്‍ അബോട്ട് ചെയ്ത പത്താം ഓവറിലെ ആദ്യ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് രോഹിത് ശര്‍മ പുറത്തായി. 17 പന്തില്‍ 30 റണ്‍സെടുത്ത രോഹിത് മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഗില്ലിനൊപ്പം ആദ്യ വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് രോഹിത് ക്രീസ് വിട്ടത്. രോഹിത്തിന് പകരം വിരാട് കോലി ക്രീസിലെത്തി. കോലിയ്ക്കൊപ്പം ഇന്നിങ്സ് മുന്നോട്ട് നയിച്ച ഗിൽ ഒടുവിൽ വീണു. ആദം സാംപയുടെ പന്തിൽ ഷോട്ട് കളിക്കാൻ ശ്രമിച്ച ഗില്ലിന്റെ ശ്രമം പാളി. താരം വിക്കറ്റിന് മുന്നിൽ കുടുങ്ങി. 49 പന്തിൽ നിന്ന് 37 റൺസെടുത്താണ് ഗിൽ മടങ്ങിയത്. ഗില്ലിന് പകരം രാഹുൽ ക്രീസിലെത്തി. അഞ്ചാമനായി ഇറങ്ങാറുള്ള രാഹുൽ സൂര്യകുമാർ യാദവിന് പകരം നാലാമനായി ക്രീസിലെത്തി.
അതീവ ശ്രദ്ധയോടെയാണ് രാഹുലും കോലിയും ഇന്ത്യയെ നയിച്ചത്. ഇരുവരും പതിയെ തകർച്ചയിൽ നിന്നും ടീമിനെ കരകയറ്റി. കോലി അനായാസം ബാറ്റുവീശിയപ്പോൾ പതിയെ തുടങ്ങിയ രാഹുൽ പിന്നീട് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. എന്നാൽ ടീം സ്കോർ 146-ൽ നിൽക്കേ രാഹുൽ പുറത്തായി. ആദം സാംപയുടെ പന്തിൽ സിക്സടിക്കാനുള്ള രാഹുലിന്റെ ശ്രമം പാളുകയും പന്ത് സീൻ അബോട്ട് പിടിച്ചടക്കുകയും ചെയ്തു. 50 പന്തിൽ നിന്ന് 32 റൺസെടുത്ത് രാഹുൽ മടങ്ങി. കോലിയ്ക്കൊപ്പം 69 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയാണ് രാഹുൽ ക്രീസ് വിട്ടത്.
രാഹുലിന് പകരം സൂര്യകുമാറിനെ ഇറക്കാതെ അക്ഷർ പട്ടേലിനെയാണ് പരിശീലകൻ ദ്രാവിഡ് ഗ്രൗണ്ടിലേക്കയച്ചത്. എന്നാൽ അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷർ റൺ ഔട്ടായി മടങ്ങി. വെറും രണ്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം. അക്ഷറിന് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. ഹാർദിക്കിനെ സാക്ഷിയാക്കി കോലി അർധശതകം കുറിച്ചു. 61 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. കോലിയുടെ കരിയറിലെ 65-ാം ഏകദിന അർധസെഞ്ചുറിയാണിത്.
എന്നാൽ അർധസെഞ്ചുറി നേടിയതിനുപിന്നാലെ കോലി പുറത്തായി. ആഷ്ടൺ ആഗറുടെ പന്തിൽ അനാവശ്യ ഷോട്ടുകളിച്ച കോലി ഡേവിഡ് വാർണർക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 72 പന്തിൽ 54 റൺസെടുത്ത ശേഷമാണ് കോലി മടങ്ങിയത്. കോലിയ്ക്ക് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തുടർച്ചയായ മൂന്നാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ആഷ്ടൺ ആഗർ സൂര്യകുമാറിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഇതോടെ ഇന്ത്യ 185 ന് ആറുവിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
സൂര്യകുമാറിന് പിന്നാലെ വന്ന രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഹാർദിക് പാണ്ഡ്യ ഇന്ത്യയെ നയിച്ചു. ഇരുവരും ചേർന്ന് ടീം സ്കോർ 200 കടത്തി. എന്നാൽ ടീം സ്കോർ 218-ൽ നിൽക്കേ അനാവശ്യ ഷോട്ട് കളിച്ച് ഹാർദിക്ക് പുറത്തായി. സാംപയുടെ പന്തിൽ സിക്സടിക്കാനുള്ള ഹാർദിക്കിന്റെ ശ്രമം പാളുകയും പന്ത് ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് കൈയ്യിലൊതുക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ അപകടം മണത്തു. 40 പന്തിൽ 40 റൺസെടുത്ത് ഹാർദിക് തല താഴ്ത്തി നടന്നു.
പിന്നാലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന രവീന്ദ്ര ജഡേജയും പുറത്തായി. സാംപയുടെ പന്തിൽ കയറിയടിച്ച ജഡേജയുടെ ഷോട്ട് ലക്ഷ്യം തെറ്റി സ്റ്റോയിനിസിന്റെ കൈയ്യിലെത്തി. 33 പന്തിൽ 18 റൺസാണ് ജഡേജയുടെ സമ്പാദ്യം. ഇതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഷമി വെടിക്കെട്ട് ബാറ്റിങ് നടത്തി ഓസീസിനെ പേടിപ്പിച്ചെങ്കിലും 10 പന്തിൽ 14 റൺസെടുത്ത താരം പെട്ടെന്ന് പുറത്തായി. ആറുറൺസെടുത്ത കുൽദീപ് റൺ ഔട്ടായതോടെ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചു.
ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് ഓള്‍ ഔട്ടായി. 47 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മിക്ക ബാറ്റര്‍മാരും രണ്ടക്കം കണ്ടതോടെ ഓസീസ് മികച്ച സ്‌കോറിലെത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും കാമറൂൺ ഗ്രീനും ചേർന്ന് നൽകിയത്. ഇന്ത്യൻ ബൗളർമാരെ ഇരുവരും അനായാസം നേരിട്ടു. ആദ്യ പത്തോവറിൽ 61 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ആദ്യ സ്പെൽ ചെയ്ത മുഹമ്മദ് ഷമിയ്ക്കും മുഹമ്മദ് സിറാജിനും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായില്ല. എന്നാൽ 11-ാം ഓവർ ചെയ്യാനെത്തിയ ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് ആശ്വാസം പകർന്നു.
11-ാം ഓവറിലെ അഞ്ചാം പന്തിൽ ഹെഡിനെ മടക്കി ഹാർദിക് ഓസീസിന്റെ ആദ്യ വിക്കറ്റെടുത്തു. 31 പന്തിൽ നിന്ന് 33 റൺസെടുത്ത ഹെഡ് കുൽദീപ് യാദവിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. അതേ ഓവറിൽ ഹെഡിനെ ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ശുഭ്മാൻ ഗിൽ പാഴാക്കിയിരുന്നു. മിച്ചൽ മാർഷിനൊപ്പം ആദ്യ വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഹെഡ് ക്രീസ് വിട്ടത്. എന്നാൽ ഹെഡിന് പകരം വന്ന സ്റ്റീവ് സമിത്തിന് പിടിച്ചുനിൽക്കാനായില്ല. അക്കൗണ്ട് തുറക്കുംമുൻപ് സ്മിത്തിനെ ഹാർദിക് മടക്കി. മൂന്ന് പന്ത് മാത്രം നേരിട്ട സ്മിത്തിനെ ഹാർദിക് വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈയ്യിലെത്തിച്ചു.
സ്മിത്തിന് പകരം ഡേവിഡ് വാർണർ ക്രീസിലെത്തി. വാർണറെ കൂട്ടുപിടിച്ച് മിച്ചൽ മാർഷ് ഓസീസിനെ നയിച്ചെങ്കിലും ഹാർദിക് വീണ്ടും കൊടുങ്കാറ്റായി മാറി. തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരുന്ന മിച്ചൽ മാർഷിന്റെ വിക്കറ്റ് പിഴുത് ഹാർദിക് ഓസീസിന് കനത്ത തിരിച്ചടി സമ്മാനിച്ചു. 47 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 47 റൺസെടുത്ത മാർഷിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് പിഴുതു. ഇതോടെ ഓസീസ് 85 ന് മൂന്ന് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.
പിന്നീട് ക്രീസിലൊന്നിച്ച വാർണറും മാർനസ് ലബൂഷെയ്നും ചേർന്ന് ശ്രദ്ധയോടെ ബാറ്റുവീശി. 20-ാം ഓവറിൽ ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. പക്ഷേ ഈ കൂട്ടുകെട്ടും അധികനേരം നീണ്ടുനിന്നില്ല. ഡേവിഡ് വാർണറെ മടക്കി കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 31 പന്തിൽ 23 റൺസെടുത്ത വാർണർ കുൽദീപിന്റെ പന്തിൽ സിക്സടിക്കാൻ നോക്കിയെങ്കിലും ആ ശ്രമം ഹാർദിക്കിന്റെ കൈയ്യിലൊതുങ്ങി. വാർണർക്ക് പകരം അലക്സ് ക്യാരിയാണ് ക്രീസിലെത്തിയത്. വാർണർക്ക് പിന്നാലെ ലബൂഷെയ്നിനെയും മടക്കി കുൽദീപ് തകർപ്പൻ പ്രകടനം പുറത്തെടുത്തു.
45 പന്തിൽ 28 റൺസെടുത്ത ലബൂഷെയ്ൻ വാർണറെപ്പോലെ സിക്സടിക്കാൻ ശ്രമിച്ചാണ് പുറത്തായത്. കുൽദീപിന്റെ പന്തിൽ ലബൂഷെയ്ൻ ഉയർത്തിയടിച്ച പന്ത് ശുഭ്മാൻ ഗിൽ കൈയ്യിലൊതുക്കി. ഇതോടെ ഓസീസ് 138 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ലബൂഷെയ്നിന് പകരം വന്ന മാർക്കസ് സ്റ്റോയിനിസിനെ കൂട്ടുപിടിച്ച് ക്യാരി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ടീമിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ ടീം സ്കോർ 196-ൽ നിൽക്കേ സ്റ്റോയിനിസിനെ മടക്കി അക്ഷർ പട്ടേൽ ഓസീസിന് തിരിച്ചടി സമ്മാനിച്ചു.
അക്ഷറിനെ ആക്രമിക്കാൻ ശ്രമിച്ച സ്റ്റോയിനിസ് ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി മടങ്ങി. 26 പന്തിൽ 25 റൺസാണ് താരം നേടിയത്. ക്യാരിയ്ക്കൊപ്പം 58 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് സ്റ്റോയിനിസ് ക്രീസ് വിട്ടത്. സ്റ്റോയിനിസിന് പിന്നാലെ ക്യാരിയും മടങ്ങി. 46 പന്തിൽ നിന്ന് 38 റൺസെടുത്ത ക്യാരിയെ കുൽദീപ് യാദവ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഇതോടെ ഓസീസ് 203 ന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
എട്ടാം വിക്കറ്റിൽ ഒന്നിച്ച സീൻ അബോട്ടും ആഷ്ടൻ ആഗറും പ്രതിരോധിക്കാൻ തുടങ്ങിയതോടെ ഓസീസ് സ്കോർ ചലിച്ചുതുടങ്ങി. ഇരുവരും ടീം സ്കോര്‍ 240 കടത്തി. എന്നാൽ അബോട്ടിനെ മടക്കി അക്ഷറും ആഗറെ മടക്കി സിറാജും തിരിച്ചടിച്ചു. അബോട്ട് 26 റൺസും ആഗർ 17 റൺസും നേടി പുറത്തായി. ഇതോടെ ഓസ്ട്രേലിയ 247 ന് ഒൻപത് വിക്കറ്റ് എന്ന നിലയിലായി. 46.2 ഓവറിൽ ഓസ്ട്രേലിയ 250 കടന്നു. വാലറ്റത്ത് സ്റ്റാർക്കും സാംപയും പ്രതിരോധിക്കാൻ തുടങ്ങിയതോടെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് കുതിച്ചു. അവസാന വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർ വിയർത്തു. ഒടുവിൽ 49-ാം ഓവറിലെ അവസാന പന്തിൽ സ്റ്റാർക്കിനെ ജഡേജയുടെ കൈയ്യിലെത്തിച്ച് സിറാജ് ഇന്നിങ്സിന് തിരശ്ശീലയിട്ടു. 10 റൺസാണ് സ്റ്റാർക്കിന്റെ സമ്പാദ്യം. സാംപ 10 റൺസെടുത്ത് പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
Updating ...
Content Highlights: india vs australia third odi match live updates
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..