ഹൈദരാബാദ്: ടിട്വന്റി പരമ്പര നേടാമെന്ന ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും മോഹങ്ങള്‍ക്ക് തിരിച്ചടി. മഴ മൂലം മത്സരം ഉപേക്ഷിച്ചതോടെ പരമ്പര സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ ടിട്വന്റിയില്‍ ഇന്ത്യയും രണ്ടാം ടിട്വന്റിയില്‍ ഓസ്‌ട്രേലിയയും വിജയിച്ചിരുന്നു. 

ഒരു പന്തു പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. നിശ്ചയിച്ച സമയം കഴിഞ്ഞ് ഒരു മണിക്കൂര്‍ കാത്തുനിന്നെങ്കിലും കുതിര്‍ന്ന ഔട്ട്ഫീല്‍ഡ് തോര്‍ന്നില്ല. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ മുപ്പതിനായിരത്തോളം കാണികളാണ് മത്സരം കാണാനെത്തിയിരുന്നത്. 

ഇതോടെ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ എല്ലാ മത്സരങ്ങളും അവസാനിച്ചു. ഇന്ത്യക്ക് ഇനി ന്യൂസിലന്‍ഡിനെയാണ് നേരിടാനുള്ളത്. അതേസമയം ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരക്കായി നാട്ടിലേക്ക് തിരിച്ചുപോവും. നവംബര്‍ 23ന് ബ്രിസ്‌ബെയ്‌നിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.