സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 81 റണ്‍സെടുത്ത് രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെയായിരുന്നു ഇത്. 159 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സെടുത്തിട്ടുണ്ട്
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഋഷഭ് പന്തും വന്മതില് കെട്ടിപ്പൊക്കിയ ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്സുമടക്കം ഋഷഭ് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്കോറിലേക്ക് കൂട്ടിച്ചേര്‍ത്തു.
ഋഷഭിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരില്‍ കുറിച്ചു
നേരത്തെ ഇരട്ട സെഞ്ചുറിക്ക് ഏഴ് റണ്‍സ് അരികെ വെച്ചാണ് പൂജാര പുറത്തായത്. 373 പന്തില്‍ 22 ഫോറിന്റെ അകമ്പടിയോടെ ബാറ്റേന്തിയ പൂജാരയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റും ക്രീസില്‍ ചിലവഴിച്ചായിരുന്നു പൂജാരയുടെ മനോഹര ഇന്നിങ്സ്.
രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 96 പന്തില്‍ 42 റണ്‍സടിച്ച വിഹാരിയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ പൂജാരയ്ക്കൊപ്പം 101 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് വിഹാരി ക്രീസ് വിട്ടത്.
ആദ്യ ദിനം ഇങ്ങനെ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ കെ.എല്‍ രാഹുലിനെ നഷ്ടമായി. രോഹിത് ശര്‍മ്മക്ക് പകരം ടീമിലെത്തിയ രാഹുലിനെ ഹെയ്സെല്‍വുഡ് ഷോണ്‍ മാര്‍ഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആറു പന്തില്‍ രണ്ട് ഫോറടക്കം ഒമ്പത് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് രണ്ടാം വിക്കറ്റില്‍ പൂജാരയ്ക്കൊപ്പം ചേര്‍ന്ന് മായങ്ക് അഗര്‍വാള്‍ 116 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 77 റണ്‍സെടുത്ത് നില്‍ക്കെ മായങ്കിനെ പുറത്താക്കി നഥാന്‍ ലിയോണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 112 പന്തില്‍ ഏഴു ഫോറും രണ്ട് സിക്സും മായങ്ക് നേടി.
വിരാട് കോലി മൂന്നാമനായി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 180. 59 പന്തില്‍ നാല് ഫോറിന്റെ അകമ്പടിയോടെ 23 റണ്‍സാണ് കോലിയുടെ സംഭാവന. ഹെയ്സെല്‍വുഡിന്റെ പന്തില്‍ ടിം പെയ്ന് ക്യാച്ചെടുത്ത് കോലി പുറത്താകുകയായിരുന്നു. രഹാനെയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. 55 പന്തില്‍ 18 റണ്‍സായിരുന്നു സമ്പാദ്യം. സ്റ്റാര്‍ക്കിന്റെ പന്തില്‍ പെയ്നിന് ക്യാച്ച് നല്കി രഹാനെ ക്രീസ് വിട്ടു.
സിഡ്നിയില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാവുകയാണെങ്കിലും 14 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫി ഇന്ത്യക്ക് നേടാം. പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. അഡ്ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ വിജയിച്ചപ്പോള്‍ പെര്‍ത്തില്‍ വിജയം ഓസീസിനൊപ്പം നിന്നു.
Content Highlights: India vs Australia Sydney Test Day 2
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..