സിഡ്നി: ഒടുവില്‍ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട ശേഷം ഫോം വീണ്ടെടുത്ത് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. 

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ സ്മിത്തിന്റെ മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 338 റണ്‍സ് നേടിയിരിക്കുകയാണ് ഓസീസ്.

31-കാരനായ സ്മിത്തിന്റെ ടെസ്റ്റ് കരിയറിലെ 27-ാം സെഞ്ചുറിയായിരുന്നു ഇത്. കഴിഞ്ഞ നാല് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 10 റണ്‍സ് മാത്രം നേടാനായ സ്മിത്തിന്റെ തിരിച്ചുവരവാണ് സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് കണ്ടത്. 226 പന്ത് നേരിട്ട് 16 ബൗണ്ടറികളടക്കം താരം 131 റണ്‍സെടുത്തു.

2019 സെപ്റ്റംബറിനു ശേഷം ഇതാദ്യമായാണ് ടെസ്റ്റില്‍ സ്മിത്ത് മൂന്നക്കം കടക്കുന്നത്. ഇംഗ്ലണ്ടിനെതിരേ മാഞ്ചെസ്റ്ററില്‍ 211 റണ്‍സ് നേടിയതിനു ശേഷമുള്ള സെഞ്ചുറി.

ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 27 ടെസ്റ്റ് സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പം സ്മിത്ത് എത്തി. കോലിയുടെ 7,318 എന്ന ടെസ്റ്റ് റണ്‍സും സ്മിത്ത് മറികടന്നു. 

മാത്രമല്ല ഇന്ത്യയ്‌ക്കെതിരായ കഴിഞ്ഞ ഏഴു ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ഓസീസ് താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. 

ഇതോടെ ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ നിന്ന് 27 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം രണ്ടാം സ്ഥാനത്തെത്താനും സ്മിത്തിനായി. 136-ാം ഇന്നിങ്‌സിലാണ് സ്മിത്തിന്റെ 27-ാം സെഞ്ചുറി. വെറും 70 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ബ്രാഡ്മാനാണ് ഒന്നാമത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി (141 ഇന്നിങ്‌സുകള്‍ വീതം), സുനില്‍ ഗാവസ്‌ക്കര്‍ (154 ഇന്നിങ്‌സുകള്‍) എന്നിവരാണ് ഈ പട്ടികയിലെ മറ്റ് താരങ്ങള്‍.

Content Highlights: India vs Australia Steve Smith equals Virat Kohli tally