Photo: twitter.com/ICC
വിശാഖപട്ടണം: നാണക്കേടിന്റെ പടുകുഴിയില്‍ വീണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രണ്ടാം ഏകദിനത്തില്‍ സ്വന്തം മണ്ണില്‍ ഓസീസിനോട് 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഇന്ത്യ ഏറ്റുവാങ്ങി. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം വെറും 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഓസീസ് മറികടന്നു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ നിര്‍ദയം അടിച്ചൊതുക്കി.
39 ഓവറുകള്‍ ബാക്കിനില്‍ക്കെയാണ് ഓസീസ് വിജയം നേടിയത് എന്നത് ഇന്ത്യയുടെ തോല്‍വി എത്രത്തോളം വലുതാണെന്ന് തുറന്നുകാണിക്കുന്നു. സ്‌കോര്‍: ഇന്ത്യ 26 ഓവറില്‍ 117 ന് ഓള്‍ ഔട്ട്, ഓസ്‌ട്രേലിയ 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 121.ഈ വിജയത്തോടെ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്കൊപ്പമെത്തി. പരമ്പരയിലെ അവസാന മത്സരം മാര്‍ച്ച് 22 ന് നടക്കും.
118 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും കാമറൂണ്‍ ഗ്രീനും ട്വന്റി 20 ശൈലിയിലാണ് ബാറ്റുവീശിയത്. വെറും 5.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. ആദ്യ സ്‌പെല്‍ ചെയ്ത മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും ഓസീസ് ഓപ്പണര്‍മാര്‍ നിഷ്‌കരുണം ആക്രമിച്ചു.
എട്ടാം ഓവറെറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയെ മൂന്ന് തവണ സിക്‌സ് കടത്തിക്കൊണ്ട് മിച്ചല്‍ മാര്‍ഷ് അര്‍ധസെഞ്ചുറി നേടി. വെറും 28 പന്തിലാണ് മാര്‍ഷ് അര്‍ധശതകം പൂര്‍ത്തിയാക്കിയത്. വെറും 8.5 ഓവറില്‍ മാര്‍ഷും ഹെഡും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആദ്യ പത്തോവറില്‍ ഓസീസ് 112 റണ്‍സാണ് അടിച്ചെടുത്തത്. മാര്‍ഷിന് പിന്നാലെ ട്രാവിസ് ഹെഡും അര്‍ധശതകം നേടി. 29 പന്തിലാണ് താരം അര്‍ധശതകം കുറിച്ചത്.
പിന്നാലെ 11 ഓവറില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കി. മാര്‍ഷ് 36 പന്തുകളില്‍ നിന്ന് ആറുവീതം സിക്‌സിന്റെയും ഫോറിന്റെയും സഹായത്തോടെ 66 റണ്‍സെടുത്തും ഹെഡ് 30 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെ 51 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
ഇന്ത്യ 26 ഓവറിൽ വെറും 117 റണ്‍സിന് ഓള്‍ ഔട്ടായി. പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്ന കാഴ്ചയ്ക്കാണ് വിശാഖപട്ടണം സാക്ഷിയായത്. റണ്ണൊഴുകുന്ന പിച്ചില്‍ റണ്ണെടുക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിയര്‍ത്തു.
31 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കണിശതയോടെ പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാര്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കി. അവസാനം ആളിക്കത്തിയ അക്ഷര്‍ പട്ടേലിന്റെ മികവിലാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചുവിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും സ്വന്തമാക്കിയത് ഓസീസ് പേസര്‍മാരാണ്. ഏകദിനത്തിൽ ഇന്ത്യയിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും ചെറിയ നാലാമത്തെ ടോട്ടലാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ അപകടകാരിയായ ശുഭ്മാന്‍ ഗില്ലിനെ മാര്‍നസ് ലബൂഷെയ്‌നിന്റെ കൈയ്യിലെത്തിച്ച് സ്റ്റാര്‍ക്ക് ഇന്ത്യയെ ഞെട്ടിച്ചു. അക്കൗണ്ട് തുറക്കുംമുന്‍പ് ഗില്‍ ക്രീസ് വിട്ടു. പിന്നാല അഞ്ചാം ഓവറിലെ നാലാം പന്തില്‍ രോഹിത്തും വീണു.
വെറും 13 റണ്‍സ് മാത്രമെടുത്ത രോഹിത്തിനെ സ്റ്റാര്‍ക്ക് സ്റ്റീവ് സ്മിത്തിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സ്റ്റാര്‍ക്ക് സൂര്യകുമാറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അഞ്ചാമനായി വന്ന കഴിഞ്ഞ മത്സരത്തിലെ ഹീറോ കെ.എല്‍.രാഹുലിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ഒന്‍പത് റണ്‍സെടുത്ത രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് കോലി പിടിച്ചുനിന്നു. രാഹുലിന് പകരം വന്ന ഹാര്‍ദിക്കിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ഒരു റണ്‍ മാത്രമെടുത്ത ഹാര്‍ദിക്കിനെ സീന്‍ അബോട്ട് സ്റ്റീവ് സ്മിത്തിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ അഞ്ചിന് 49 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. പിന്നീട് ക്രീസിലൊന്നിച്ച കോലി-രവീന്ദ്ര ജഡേജ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്നു. ഇരുവരും പതിയെ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ കൃത്യമായ ബൗളിങ് മാറ്റം കൊണ്ടുവന്നുകൊണ്ട് ഓസീസ് നായകന്‍ സ്മിത്ത് ഈ നീക്കം പൊളിച്ചു.
ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരം ടീമിലിടം നേടിയ നഥാന്‍ എല്ലിസിനെ കൊണ്ടുവന്ന് സ്മിത്ത് ഇന്ത്യയ്ക്ക് അടുത്ത പ്രഹരം നല്‍കി. തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ അപകടകാരിയായ വിരാട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി എല്ലിസ് സ്വപ്‌നതുല്യമായ നേട്ടം സ്വന്തമാക്കി. 35 പന്തില്‍ നിന്ന് നാല് ബൗണ്ടറിയുടെ സഹായത്തോടെ 31 റണ്‍സെടുത്ത കോലി തലതാഴ്ത്തി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ജഡേജ പൊരുതിനോക്കിയെങ്കിലും എല്ലിസിന്റെ പന്തിന് മുന്നില്‍ താരവും വീണു. ടീം സ്‌കോര്‍ 91-ല്‍ നില്‍ക്കേ എല്ലിസിന്റെ പന്തില്‍ ജഡേജ പുറത്തായി. 16 റണ്‍സെടുത്ത ജഡേജയെ എല്ലിസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈയ്യിലെത്തിച്ചു.
പിന്നീട് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണു. കുല്‍ദീപ് യാദവ്(4), മുഹമ്മദ് ഷമി (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ അതിവേഗത്തില്‍ പുറത്തായതോടെഇന്ത്യ 26 ഓവറില്‍ വെറും 117 റണ്‍സിന് ഓള്‍ ഔട്ടായി. അക്ഷര്‍ പട്ടേല്‍ 29 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്റ്റാര്‍ക്ക് എട്ടോവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. സീന്‍ അബോട്ട് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
Updating ...
Content Highlights: india vs australia second odi match updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..